| Wednesday, 22nd November 2023, 6:35 pm

രൂപ-റൂബിള്‍ പേയ്മെന്റുകള്‍ വിപുലീകരിക്കാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ കൂടുതല്‍ പരിശ്രമിക്കണം: റഷ്യന്‍ പ്രതിനിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഷ്യയുമായി ഇടപാട് നടത്തുന്ന ഇന്ത്യന്‍ ബാങ്കുകളും കമ്പനികളും ഉപയോഗിക്കുന്ന രൂപ-റൂബിള്‍ പേയ്മെന്റ് സെറ്റില്‍മെന്റ് സംവിധാനത്തിന്റെ സാധ്യതകള്‍ വിപുലീകരിക്കാന്‍ കൂടുതല്‍ പരിശ്രമം ആവശ്യമെന്ന് റഷ്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യവസായം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് ദല്‍ഹിയിലെ റഷ്യന്‍ പ്രതിനിധി ഡെനിസ് അലിപോവ് പറഞ്ഞു.

2023ലെ ആദ്യ എട്ട് മാസങ്ങളില്‍ വ്യാപാരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 43.8 ബില്യണ്‍ ഡോളറിലെത്തിയെന്ന് ഡെനിസ് അലിപോവ് പറഞ്ഞു. എന്നാല്‍ പേയ്മെന്റ് പ്രശ്നങ്ങള്‍ ഇപ്പോഴും വ്യാപാരത്തെ തടസപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പേയ്മെന്റ് പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്നതില്‍ ഇന്ത്യന്‍ സാമ്പത്തിക തന്ത്രജ്ഞര്‍ പിരിമുറുക്കം നേരിടുന്നുണ്ടെന്നും ഡെനിസ് അലിപോവ് പറഞ്ഞു.

ഇന്ത്യന്‍ ബാങ്കുകളും കയറ്റുമതിക്കാരും പ്രശ്നം പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഉന്നയിക്കുന്നുണ്ടെന്നും പേയ്മെന്റ് സംവിധാനത്തിന് മികച്ച ട്യൂണിങ് ആവശ്യമുണ്ടെന്നും ഇന്ത്യന്‍ ബാങ്കുകള്‍ അതിന് സഹകരിക്കാന്‍ തയ്യാറാണെന്നും ഡെനിസ് അലിപോവ് പറഞ്ഞു.

റഷ്യക്കെതിരായ യു.എസ് ഉപരോധത്തില്‍ വ്യാപാരം തടസപ്പെട്ടതിനെ തുടര്‍ന്ന് റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള എസ്400 ട്രയംഫ് എയര്‍ ഡിഫന്‍സ് സിസ്റ്റം, രാസവളങ്ങള്‍, ധാതുക്കള്‍, മറ്റ് വസ്തുക്കള്‍ക്കും തടസം നേരിട്ടു. പ്രതിരോധ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക സപ്ലൈകളെ ഉപരോധം ബാധിച്ചതിനെ തുടര്‍ന്ന് റഷ്യയും ഇന്ത്യയും സംയുക്ത വ്യാപാര ഇടപാടുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു.

നിലവില്‍ ഇന്ത്യന്‍ ബാങ്കുകളുടെ അക്കൗണ്ടുകളില്‍ റഷ്യയില്‍ നിന്നുള്ള കോടിക്കണക്കിന് രൂപ കുമിഞ്ഞുകൂടിയിട്ടുണ്ടെന്നും അവ എങ്ങനെ ഉപയോഗിക്കാമെന്ന് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുകയാണെന്ന് റഷ്യന്‍ പ്രതിനിധി പറഞ്ഞു. പണമിടപാടുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ക്കിടയിലും പ്രതിരോധ മേഖലയിലുള്‍പ്പെടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാറുകളുടെ ആസൂത്രണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Indian banks should do more to expand rupee-ruble payments: Russia

Latest Stories

We use cookies to give you the best possible experience. Learn more