Sports News
തോമസ് കപ്പില് കന്നി ചാമ്പ്യന്മാരായി ഇന്ത്യ; മലയാളി താരം പ്രണോയിയുടെ കരുത്തില്‍ ചരിത്ര നേട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 15, 10:21 am
Sunday, 15th May 2022, 3:51 pm

ബാങ്കോക്: തോമസ് കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യ ചാമ്പ്യന്മാര്‍. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ തോമസ് കപ്പ് കിരീടം നേടുന്നത്.

തോമസ് കപ്പില്‍ ഇന്തോനേഷ്യയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീടനേട്ടം. സ്‌കോര്‍ 3-0.

ആദ്യത്തെ അഞ്ച് മത്സരങ്ങളില്‍ മൂന്നും ജയിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മുമ്പ് 14 തവണ തോമസ് കപ്പ് ചാമ്പ്യന്മാരായിരുന്ന ടീമാണ് ഇന്തോനേഷ്യ.

ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ സന്തോഷം അറിയിച്ചുകൊണ്ട് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ട്വീറ്റും പങ്കുവെച്ചിട്ടുണ്ട്.

വേള്‍ഡ് ബാഡ്മിന്റണ്‍ ഫെഡറേഷനും തോമസ് കപ്പിലെ ഇന്ത്യന്‍ വിജയത്തില്‍ ട്വീറ്റ് പങ്കുവെച്ചു.

അതേസമയം, ക്വാര്‍ട്ടര്‍, സെമിഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ വിജയശില്‍പിയായത് മലയാളി താരം എച്ച്.എസ്. പ്രണോയിയാണ്. ഫൈനലില്‍ ലക്ഷ്യ സെന്‍, സാത്വിക്- ചിരാഗ് സഖ്യം, കിടമ്പി ശ്രീകാന്ത് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

ശ്രീകാന്ത്, ലക്ഷ്യ സെന്‍ എന്നിവര്‍ സിംഗിള്‍സിലും ഡബിള്‍സില്‍ സാത്വിക്- ചിരാഗ് സഖ്യവും വിജയിച്ചതോടെയാണ് 3-0ന് ഇന്ത്യ ഫൈനലില്‍ ജയിച്ചത്.

ആദ്യമായായിരുന്നു ഇന്ത്യന്‍ ടീം തോമസ് കപ്പിന്റെ ഫൈനലിലെത്തിയതും.

Content Highlight: Indian Badminton team wins Thomas cup for the first time