ന്യൂദല്‍ഹി : ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം ലണ്ടനിലേക്ക് തിരിച്ചു. സൈന നെഹ്‌വാള്‍, പി. കശ്യപ്, ജ്വാല ഗുട്ട, അശ്വനി പൊന്നപ്പ, വി. ദിജു എന്നിവരും പരിശീലകന്‍ പുല്ലേല ഗോപിചന്ദുമാണ് ദല്‍ഹിയില്‍ നിന്നും യാത്ര തിരിച്ചത്.[]
ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമാണ് ഇത്രയും വലിയൊരു സംഘം ബാഡ്മിന്റണില്‍ ഇന്ത്യയ്ക്കായി കോര്‍ട്ടില്‍ ഇറങ്ങുന്നത്. വനിതാ സിംഗിള്‍സില്‍ സൈന, പുരുഷ സിംഗിള്‍സില്‍ പി.കശ്യപ്, മിക്‌സഡ് ഡബിള്‍സില്‍ വി.ദിജു – ജ്വാലാ ഗുട്ടാ സഖ്യം, വനിതാ ഡബിള്‍സില്‍ ജ്വാലാ ഗുട്ടാ, അശ്വിനി പൊന്നപ്പ സഖ്യവുമാണ് ഇറങ്ങുന്നത്.
വനിതാ വിഭാഗം ലോക അഞ്ചാം നമ്പര്‍ താരം സൈന നെഹ്‌വാളിലാണ് രാജ്യം മെഡല്‍ സ്വപ്നം കാണുന്നത്. ഒളിമ്പിക് പാര്‍ക്കില്‍ നടന്ന ബാഡ്മിന്റണ്‍ മല്‍സരങ്ങളുടെ നറുക്കെടുപ്പില്‍ സൈന ഗ്രൂപ്പ് ഇ യില്‍ ഇടംപിടിച്ചതോടെ ഇന്ത്യ ഏറെ സ്വപ്നം കാണുന്നുണ്ട്. സെമിവരെ വെല്ലുവിളിയില്ലാതെ സൈനക്ക് മുന്നേറാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
മിക്‌സഡ് ഡബിള്‍സിലും രാജ്യം പ്രതീക്ഷ വയ്ക്കുന്നുണ്ട്. ലോക റാങ്കിങില്‍ 13 സ്ഥാനത്തുള്ള ജ്വാലാ ഗുട്ട – വി. ഡിജു സഖ്യത്തിന് ആദ്യ റൗണ്ടില്‍ നിന്നും മുന്നേറുക അല്‍പം കഠിനമാണ്. പോരാട്ടം ശക്തമാകുമെങ്കിലും ഇന്ത്യ ഇവരിലും പ്രതീക്ഷ പുലര്‍ത്തുന്നു.