തോമസ് കപ്പ് ലോകകപ്പിന് തുല്യം, രോഹിത്തിനെയും മറ്റും ആദരിക്കാമെങ്കില്‍ എന്തുകൊണ്ട് ആ പരിഗണന ഞങ്ങള്‍ക്കും ലഭിക്കുന്നില്ല; ആഞ്ഞടിച്ച് ചിരാഗ് ഷെട്ടി
Sports News
തോമസ് കപ്പ് ലോകകപ്പിന് തുല്യം, രോഹിത്തിനെയും മറ്റും ആദരിക്കാമെങ്കില്‍ എന്തുകൊണ്ട് ആ പരിഗണന ഞങ്ങള്‍ക്കും ലഭിക്കുന്നില്ല; ആഞ്ഞടിച്ച് ചിരാഗ് ഷെട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th July 2024, 12:58 pm

11 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ച് രോഹിത് ശര്‍മയും സംഘവും കിരീടം നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യയൊന്നാകെ. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.

കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന് നിരവധി സ്വീകരണങ്ങളും ലഭിച്ചിരുന്നു. മുംബൈയെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാഴ്ത്തിയാണ് ഇന്ത്യയുടെ വിക്ടറി പരേഡ് നടന്നത്.

 

ഇതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും മറ്റ് താരങ്ങളെയും ആദരിച്ചിരുന്നു.

ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തുകയാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവും തോമസ് കപ്പ് വിന്നിങ് ടീമിലെ അംഗവുമായ ചിരാഗ് ഷെട്ടി. സര്‍ക്കാര്‍ ലോകകപ്പ് നേടിയ താരങ്ങളെ ആദരിക്കുമ്പോള്‍ തന്റെ നേട്ടങ്ങള്‍ക്കും വിലകല്‍പിക്കണമെന്നാണ് താരം ആവശ്യപ്പെടുന്നത്.

‘തോമസ് കപ്പ് നേടുന്നത് ലോകകപ്പ് വിജയിക്കുന്നതിന് തുല്യമാണ്. ഫൈനലില്‍ ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ തകര്‍ത്ത് ആദ്യ കിരീടം ചൂടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ഞാന്‍. ഇന്ത്യന്‍ ടീമിലെ ഏക മഹാരാഷ്ട്ര താരവും ഞാന്‍ മാത്രമായിരുന്നു.

ലോകകപ്പ് നേടിയ ക്രിക്കറ്റ് താരങ്ങളെ സര്‍ക്കാരിന് (മഹാരാഷ്ട്ര സര്‍ക്കാര്‍) ആദരിക്കാമെങ്കില്‍ അവര്‍ എന്റെ നേട്ടങ്ങളെയും പരിഗണിക്കണം. ഗവണ്‍മെന്റ് എല്ലാ കായിക ഇനങ്ങളെയും ഒരുപോലെ തന്നെ കാണണം,’ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ചിരാഗ് ഷെട്ടി പറഞ്ഞു.

ഇന്ത്യയില്‍ ക്രിക്കറ്റിന് ലഭിക്കുന്ന പരിഗണന മറ്റ് കായിക ഇനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന വസ്തുത കൂടിയാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരത്തിന്റെ വാക്കുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.

2022ലാണ് ഇന്ത്യ ഇന്തോനേഷ്യയെ തകര്‍ത്ത് തോമസ് കപ്പ് കിരീടം ചൂടിയത്.

എന്താണ് തോമസ് കപ്പ്?

അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ഫെഡറേഷന്റെ (ബി.ഡബ്ല്യു.എഫ്) സ്ഥാപക പ്രസിഡന്റായ സര്‍ ജോര്‍ജ് തോമസിന്റെ പേരിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റാണ് തോമസ് കപ്പ്. 1939ല്‍ അദ്ദേഹമാണ് ടൂര്‍ണമെന്റിന് നിര്‍ദേശിച്ചത്. എന്നാല്‍ രണ്ടാം ലോക മഹായുദ്ധം കാരണം ആദ്യ തോമസ് കപ്പ് ടൂര്‍ണമെന്റ് നടന്നില്ല.

ടെന്നിസിലെ ഡേവിസ് കപ്പ് പോലെ ടീം ആയി ബാഡ്മിന്റന്‍ കളിക്കുന്ന ടൂര്‍ണമെന്റായാണ് അദ്ദേഹം ഇത് വിഭാവനം ചെയ്തത്.

ടീമുകള്‍

ബാഡ്മിന്റന്‍ കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. ഏഷ്യന്‍, ഓസ്‌ട്രേലിയന്‍, പാന്‍ അമേരിക്കന്‍, യൂറോപ്യന്‍ എന്നിങ്ങനെ തിരിച്ചാണ് മത്സരം.

1984ന് ശേഷം ഓരോ മൂന്ന് വര്‍ഷവുമാണ് ടൂര്‍ണമെന്റ് നടക്കാറുള്ളത്. ബെസ്റ്റ് ഓഫ് ഫൈവാണ് വിജയത്തിനുള്ള മാനദണ്ഡം.

തെക്കുകിഴക്കന്‍ ഏഷ്യ, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കുത്തകയാണ് തോമസ് കപ്പ്. ആദ്യ മൂന്ന് ടൂര്‍ണമെന്റുകളിലും മലേഷ്യയാണ് ജേതാക്കളായത്. ഇന്തോനേഷ്യയാണ് ഏറ്റവുമധികം തവണ കിരീടം നേടിയത്. 2016ല്‍ ഡെന്‍മാര്‍ക് കിരീടം നേടിയതൊഴിച്ചാല്‍ ഒരു നോണ്‍ ഏഷ്യന്‍ രാജ്യവും തോമസ് കപ്പ് കിരീടം നേടിയട്ടില്ല. 2022ല്‍ വിജയിച്ചെങ്കിലും 2024ല്‍ ആദ്യ നാലിലെത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ഇന്തോനേഷ്യയെ തകര്‍ത്ത് ചൈനയാണ് നിലവിലെ ജേതാക്കള്‍.

 

Also Read ഇന്ത്യക്ക് ഇരട്ട തോല്‍വി; അനിയന്‍മാര്‍ക്ക് പിന്നാലെ വല്ല്യേട്ടന്‍മാര്‍ക്കും തിരിച്ചടി, ഇന്ത്യക്കിത് ബ്ലാക്ക് സാറ്റര്‍ഡേ

 

Also Read  മലയാളി ലോകകപ്പ് നേടി, ഇനി മലയാളികള്‍ ഏഷ്യാ കപ്പും നേടട്ടെ; സ്‌ക്വാഡില്‍ ഇരട്ട മലയാളി തിളക്കം

 

Also Read നീലാകാശത്തിന് കീഴില്‍ പാറിപ്പറക്കാന്‍ കാനറികളില്ല; വിനിയില്ലാത്ത ബ്രസീലിന് തോല്‍വി, സെമി കാണാതെ മടക്കം

 

Content Highlight: Indian Badminton star Chirag Shetty slams Maharashtra Government