പ്രസിഡന്റിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് മുസ്‌ലീം മതസ്ഥരായ താരങ്ങളുടെ വിസ നിഷേധിച്ചതെന്നാണ് വിശദീകരണം.
ശ്രീനഗര്‍: ജമ്മു കാശ്മീരിന്‍ നിന്നുള്ള രണ്ട് ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു. പ്രസിഡന്റിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് മുസ്‌ലീം മതസ്ഥരായ താരങ്ങളുടെ വിസ നിഷേധിച്ചതെന്നാണ് വിശദീകരണം. സ്‌നോഷൂ താരങ്ങളായ ആബിദ് ഖാന്‍, തന്‍വീര്‍ ഹുസൈന്‍ എന്നിവരുടെ അപേക്ഷയാണ് നിഷേധിച്ചത്.
Also read ‘മുസ്‌ലീങ്ങളെ വിലക്കുന്ന ട്രംപിന്റെ ഉത്തരവിനെതിരെ പ്രതിഷേധിക്കൂ’ അമേരിക്കന്‍ ജനതയോട് ഒബാമ
ദല്‍ഹിയിലെ യു.എസ് എംബസിയില്‍ നിന്നും രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥ അകത്ത് പോയി തിരിച്ചു വന്ന ശേഷമാണ് വിസ നിരസിച്ചതായി അറിയിച്ചതെന്നാണ് താരങ്ങള്‍ പറഞ്ഞത്. ട്രംപിന്റെ പുതിയ നയമാണ് വിസ നിരസിക്കാന്‍ കാരണമെന്ന് അറിയിച്ചതായും ഇവര്‍ വ്യക്തമാക്കി.
ന്യൂയോര്‍ക്കില്‍ ഫെബ്രുവരി 24-25 തീയ്യതികളിലായി നടക്കുന്ന സ്‌നോഷൂ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായിരുന്നു താരങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചത്. തങ്ങള്‍ സമര്‍പ്പിച്ച രേഖകളെല്ലാം കൃത്യമായിരുന്നെന്നും താരങ്ങള്‍ പറഞ്ഞു.
അധികാരത്തിലെത്തി ഒരാഴ്ചകുള്ളില്‍ കടുത്ത നടപടികളുമായാണ് ട്രംപ് മുന്നോട്ട് പോകുന്നത്. മുസ്‌ലീം അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ട്രംപിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ മുന്‍ പ്രസിഡന്റ് ഒബാമയും ഇന്ന് ആഹ്വാനം ചെയ്തിരുന്നു.