അര്‍ധ സെഞ്ച്വറി നേടാനുള്ള അവസരമുണ്ടായിട്ടും അവനത് ചെയ്തില്ല, പകരം... സഞ്ജുവിനെ പിന്തുണച്ച് പരിശീലകന്‍
Sports News
അര്‍ധ സെഞ്ച്വറി നേടാനുള്ള അവസരമുണ്ടായിട്ടും അവനത് ചെയ്തില്ല, പകരം... സഞ്ജുവിനെ പിന്തുണച്ച് പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th October 2024, 12:14 pm

 

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടി-20 പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച ഇന്ത്യ മൂന്നാം മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്.

അതേസമയം, ടെസ്റ്റ് പരമ്പരയിലും സമ്പൂര്‍ണ പരാജയമേറ്റുവാങ്ങിയ ബംഗ്ലാദേശിന് മുഖം രക്ഷിക്കാനെങ്കിലും മൂന്നാം ടി-20യില്‍ വിജയം അനിവാര്യമാണ്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ സഞ്ജു സാംസണ്‍ ടീമിന്റെ ഭാഗമാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

പരമ്പരയിലെ ആദ്യ മത്സരത്തില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. 19 പന്ത് നേരിട്ട് 150+ സ്‌ട്രൈക്ക് റേറ്റില്‍ 29 റണ്‍സാണ് താരം നേടിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ പത്ത് റണ്‍സുമായി താരം പുറത്താവുകയായിരുന്നു.

ഇന്ത്യ ഇതിനോടകം പരമ്പര നേടിയ സാഹചര്യത്തില്‍ ജിതേഷ് ശര്‍മയെ പ്ലെയിങ് ഇലവന്റെ ഭാഗമാക്കുമോ അതോ ഇന്ത്യ സഞ്ജുവിന് വീണ്ടും അവസരം നല്‍കുമോ എന്നാണ് ആരാധകര്‍ പരസ്പരം ചോദിക്കുന്നത്.

ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ അഗ്രസ്സീവ് അപ്രോച്ചിനെ പിന്തുണയ്ക്കുകയാണ് ടീമിവന്റെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്. വമ്പന്‍ സ്‌കോറുകള്‍ അടിച്ചുകൂട്ടിയില്ലെങ്കിലും താരത്തിന്റെ സമീപനം പ്രശംസാര്‍ഹമാണെന്നും ക്രീസില്‍ തുടര്‍ന്ന്, സമയമെടുത്ത് അര്‍ധ സെഞ്ച്വറി നേടാനുള്ള സാഹചര്യമുണ്ടായിട്ടും സഞ്ജു അതിന് ശ്രമിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

മത്സരത്തിന് മുമ്പുള്ള പ്രസ് കോണ്‍ഫെറന്‍സിലാണ് ഡോഷേറ്റ് ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

‘കഴിഞ്ഞ രണ്ട് മത്സരങ്ങളെടുത്ത് പരിശോധിക്കുമ്പോള്‍, സഞ്ജുവിനെ പോലെ ഒരു താരം ഗ്വാളിയോറില്‍ വളരെ പെട്ടെന്ന് തന്നെ സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

ക്രീസില്‍ തുടര്‍ന്ന്, സമയമെടുത്ത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ അവന് എളുപ്പം സാധിക്കുമായിരുന്നു, പക്ഷേ അവന്‍ ബൗണ്ടറികള്‍ നേടാന്‍ ശ്രമിക്കുകയായിരുന്നു. മത്സരത്തിന്റെ സ്ഥിതിയെന്താണെന്ന് അവന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു, അതിനോട് പൊരുത്തപ്പെട്ടാണ് അവന്‍ ബാറ്റ് വീശിയത്.

 

സ്വന്തം ഗെയിം വിപുലീകരിക്കുന്ന താരത്തെയാണ് നമുക്ക് ആവശ്യമുള്ളത്. ഇത്തരത്തില്‍ ക്രിക്കറ്റിനെ കാലനുസൃതമായി മുമ്പോട്ട് കൊണ്ടുപോകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അടുത്ത 18 മാസത്തിനുള്ളില്‍ വരാനിരിക്കുന്ന പ്രതിസന്ധി നിമിഷങ്ങള്‍ക്കായി നമ്മള്‍ തയ്യാറായി ഇരിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content highlight: Indian assistant coach Ryan ten Doeschate talks about Sanju Samson