| Friday, 13th April 2012, 5:57 pm

ഇന്ത്യന്‍ സൈന്യത്തിന്റെ പഴയ ആയുധങ്ങള്‍ മാവോയിസ്റ്റുകളുടെ കയ്യില്‍; വീണ്ടും അഴിമതി വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാദങ്ങള്‍ ഇന്ത്യന്‍ സൈന്യത്തെ വിട്ടൊഴിയുന്നില്ല. ടെട്ര ട്രക്ക്, വി.കെ സിംഗ് വിവാദങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ സൈന്യത്തിന്റെ അലംഭാവം കാണിക്കുന്ന മറ്റൊരു അഴിമതി കൂടി പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യന്‍ സേനയുടെ പഴയ യുദ്ധോപകരണങ്ങള്‍ മാവോയിസ്റ്റുകള്‍ക്ക് മറിച്ചുവില്‍ക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ജനുവരിയില്‍ ദല്‍ഹിയിലേക്ക് സൈനിക നീക്കം നടന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട് വിവാദങ്ങള്‍ സൃഷ്ടിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് പുതിയ പുതിയ റിപ്പോര്‍ട്ടും പുറത്തുവിട്ടിരിക്കുന്നത്. ജബാല്‍പൂരിലെ സെന്‍ട്രല്‍ ഓര്‍ഡന്‍സ് ഡിപ്പോയില്‍ നിന്നും കാലാവധി കഴിഞ്ഞ ആയുധങ്ങള്‍ നക്‌സലുകളുടെ കൈകളിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ആയുധങ്ങള്‍ മിനുക്കിയെടുത്താണ് നക്‌സലുകള്‍ സുരക്ഷാ സൈനികര്‍ക്കെതിരെ ആക്രമണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തെക്കുറിച്ചറിഞ്ഞ സൈന്യം ജബല്‍പൂരിലെ സെന്‍ട്രല്‍ ഓര്‍ഡന്‍സ് ഡിപ്പോയുടെ ചുമതലയുള്ള ലെഫ്റ്റനന്റ് കേണല്‍ എസ്.സി പാണ്ഡെയ്‌ക്കെതിരെ അച്ചടക്കലംഘന നടപടികള്‍ ആരംഭിച്ചുവെന്നാണ് തങ്ങളുടെ പക്കലുള്ള രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് എക്‌സ്പ്രസ് പറയുന്നു. 2011 നവംബറില്‍ ഉപയോഗശൂന്യമായ സാധനങ്ങള്‍ വാങ്ങുന്ന ആന്ധ്രയിലെ ഒരു വ്യാപാരിക്ക് ടി-72 ടാങ്കുകള്‍ വിറ്റതിനാണ് ഇയാള്‍ നടപടി നേരിടുന്നത്. ഇതില്‍ അത്യാധുനിക ആയുധമായ 125 എം.എം എഫ്.എസ്.എ.പി.ഡി.എസ് ജാര്‍ഖണ്ഡിലെ നക്‌സല്‍ പ്രവര്‍ത്തകരുടെ കൈകളിലെത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവുമധികം ഗതികോര്‍ജ്ജമുള്ള വെടിത്തിരയായാണ് എഫ്.എസ്.എ.പി.ഡി.എസ്. എല്ലാടാങ്കുകളെയും ഒരുമിച്ച് നശിപ്പിക്കാന്‍ കഴിയുന്നവയാണിവ. ടി-72 ടാങ്കുകളുടെ ശക്തി വര്‍ധിപ്പിക്കാനും ഇതിന് സാധിക്കും.

എന്നാല്‍ ഈ പഴയ ആയുധങ്ങള്‍ ഉപയോഗശൂന്യമായതിനാല്‍ നക്‌സലുകള്‍ക്ക് ഇതുകൊണ്ട് ആക്രമണം നടത്താനാവില്ലെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇവ ഉപയോഗിച്ച് ചെറിയ ടാങ്കുകള്‍ എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയുന്ന ഉയര്‍ന്ന തീവ്രതയുള്ള ഐ.ഇ.ഡികള്‍ ഉണ്ടാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജബാല്‍പൂര്‍ സി.ഒ.ഡിയില്‍ ജോലി ചെയ്തിരുന്ന സുബേദാര്‍ ഹിരാന്‍മെയെന്നയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ചത്. വേറൊരു വിഷയത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സാക്ഷിമൊഴി പറയവെയാണ് ഹിരാന്‍മെ ഇക്കാര്യം വെളിപ്പെടുത്തിയത്. 2011 നവംബര്‍ 15ന് ബറേല ഡാമിലുള്ള പഴകിയ ആയുധങ്ങള്‍ നശിപ്പിക്കുന്ന സ്ഥലത്തേക്ക് പറഞ്ഞയച്ച മൂന്ന് ആയുധങ്ങള്‍ നിറച്ച വാഹനങ്ങളില്‍ രണ്ടെണ്ണമേ സ്ഥലത്തെത്തിയിട്ടുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

കാണാതായ വാഹനത്തില്‍ 139 പാക്ക് യുദ്ധോപകരണങ്ങളുണ്ടായിരുന്നു. താനും സുബേദാര്‍ റാവുവും ഹവില്‍ദാര്‍ ജി.എസ്.എസ് റെഡിയും യാത്രിചെയ്തിരുന്ന ബറേല ഡാമിലേക്ക് പോവേണ്ട ട്രെക്ക് പാതിവഴിയില്‍ നിന്നപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുവെന്നും ഹിരാന്‍മെ പറഞ്ഞിരുന്നു.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more