ന്യൂദല്‍ഹി: നേപ്പാളിലേയും ഇന്ത്യയിലേയും മിത്തുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സാങ്കല്‍പിക ജീവിയായ യെതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ ട്വീറ്റ്. യെതിയുടേതെന്ന് ഇന്ത്യന്‍ ആര്‍മി അവകാശപ്പെടുന്ന കാല്‍പ്പാടുകളും ട്വിറ്ററിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ട്വീറ്റിന് പിന്നാലെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
മകാലു ബെയ്‌സ് ക്യാമ്പില്‍ വെച്ച് ഇന്ത്യന്‍ സൈന്യത്തിലെ പര്‍വതാരോഹകരാണ് വിചിത്രമായ 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഏപ്രില്‍ 9നാണ് സൈന്യം കാല്‍പ്പാടുകള്‍ കാണുന്നത്. ട്വീറ്റില്‍ പറയുന്നു.
വളരെ അപൂര്‍വമായി മാത്രം കാണുന്ന ഈ മഞ്ഞു മനുഷ്യനെ മകാലു-ബാരുണ്‍ ദേശീയ ഉദ്യാനത്തില്‍ മാത്രമാണ് മുമ്പ് കണ്ടിട്ടുള്ളത് ഇന്ത്യന്‍ സൈന്യത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പറയുന്നു.
ഇന്ത്യന്‍ സൈന്യത്തിന്റെ ട്വീറ്റിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘ഇന്നവര്‍ യെതിയുടെ കാല്‍പാദങ്ങള്‍ കണ്ടെത്തിയെന്ന് പറയുന്നു. നാളെയവര്‍ അച്ഛെ ദിന്‍ കണ്ടു പിടിച്ചെന്ന് പറയും. അതിനടുത്ത ദിവസം നേതാജിയെ കണ്ടെത്തും. വിശ്വസിക്കൂ സുഹൃത്തുക്കളെ’- എന്നായിരുന്നു ട്വീറ്റിന് കീഴിലെ ഒരു കമന്റ്.
അതേസമയം, യെതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ചു കൊണ്ട് ബി.ജെ.പി നേതാവ് ചൗകിദാര്‍ തരുണ്‍ വിജയ് രംഗത്തെത്തി. ‘നമ്മള്‍ ഇന്ത്യക്കാരാണ്. ദയവ് ചെയ്ത് അതിനെ ഭീകര ജീവിയെന്ന് വിളിക്കരുത്. അതിനെ ബഹുമാനിക്കണം, മഞ്ഞു മനുഷ്യനെന്ന് വിളിച്ചോളു’- എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
‘എ.ഡി.ജി.പി.ഐ പറയുന്നു ഇന്ത്യന്‍ സൈന്യം യെതിയുടെ കാല്‍പാദങ്ങള്‍ കണ്ടെത്തിയെന്ന്. നാളെ എ.എന്‍.ഐയുടെ റിപ്പോര്‍ട്ടര്‍ യെതിയുടെ വേഷം ധരിച്ച് അതിന്റെ അഭിമുഖം എടുക്കുന്നത് കാണാമെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു മറ്റൊരു കമന്‍റ്.
ഭീകരനായ മഞ്ഞു മനുഷ്യനായി യെതി കഥകളില്‍ പ്രത്യക്ഷപ്പെടുന്നത് 1920കളിലാണ്. ഹിമാലയന്‍ ഭാഗങ്ങളില്‍ അലഞ്ഞു തിരിയുന്ന, എന്നാല്‍ ആര്‍ക്കും പിടികൊടുക്കാത്ത ജീവിയായാണ് കഥകളില്‍ ഇത് അവതരിക്കപ്പെട്ടത്.