| Saturday, 24th June 2023, 2:02 pm

മോദിക്ക് കിട്ടിയ കയ്യടി വാര്‍ത്തയാക്കി ഇന്ത്യന്‍ മാധ്യമങ്ങള്‍; മനുഷ്യാവകാശ ലംഘനത്തെ ഉയര്‍ത്തിക്കാട്ടി യു.എസ്. പത്രങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ വിവിധ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുകയാണ്. അമേരിക്കന്‍ മാധ്യമങ്ങള്‍ മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയില്‍ നടക്കുന്ന ജനാധിപത്യത്തിന്റെ പിന്നോക്കാവസ്ഥയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ ഇരു രാജ്യങ്ങളും പ്രാധാന്യത്തോടെ അമേരിക്കന്‍ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങള്‍ ശ്രദ്ധ ചെലുത്തിയത് മോദിയുടെ സന്ദര്‍ശനത്തെ പൊലിപ്പിക്കലാണെന്ന് സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്തു.

സാധാരണയുള്ള ഉഭയകക്ഷി ഒപ്പുവെക്കലുകളുടെ റിപ്പോര്‍ട്ടുകള്‍ക്ക് പുറമേയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ മോദിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കയിലെ അര ഡസനോളം വരുന്ന നിയമനിര്‍മാതാക്കള്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലെ മോദിയുടെ പ്രസംഗം ബഹിഷ്‌കരിച്ചത് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള മോദിയുടെ ഇടപെടലാണ് ഇത്തരം പ്രതിഷേധത്തിന് കാരണമെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മോദിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ രേഖകളെച്ചൊല്ലി അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ തന്നെ ആഴത്തിലുള്ള ഭിന്നിപ്പുണ്ടെന്നാണ് എന്‍.ബി.സി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂനപക്ഷങ്ങളോടുള്ള മോദിയുടെ സമീപനത്തെ വിമര്‍ശിച്ച് കൊണ്ട് വൈറ്റ് ഹൗസിന് പുറത്ത് ചില ഗ്രൂപ്പുകള്‍ പ്രതിഷേധിച്ചത് വ്യാഴാഴ്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബൈഡന്‍ മോദിക്ക് വിരുന്നൊരുക്കുന്ന സമയത്ത് തന്നെയാണ് പുറത്ത് പ്രതിഷേധം നടന്നതെന്നും ശ്രദ്ധേയമാണ്.

അതേസമയം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര കരാറുകള്‍ ശക്തമാണെന്ന് ചൈനയ്ക്ക് മുന്നില്‍ കാണിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. മോദിയുടെ സന്ദര്‍ശനം ബൈഡന്റെ ജനാധിപത്യ-ഏകാധിപത്യ ചായ്‌വിനെ എങ്ങനെയാണ് സമ്മര്‍ദത്തിലാക്കുന്നതെന്നും ദി വാഷിങ്ടണ്‍ പോസ്റ്റ് പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെയും അമേരിക്കയിലെയും പൊതുവായിട്ടുള്ള താല്‍പര്യ മേഖലകള്‍ക്കും ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനും ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എങ്ങനെയാണ് ബൈഡന്‍ ഊന്നല്‍ നല്‍കിയതെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചകളെ കുറിച്ചുള്ള സാധാരണ റിപ്പോര്‍ട്ടുകള്‍ക്ക് പകരം മോദിയുടെ സന്ദര്‍ശനത്തിന്റെ ആര്‍ജവത്തെ പ്രചരിപ്പിക്കാനാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്. ഇന്ത്യ-യു.എസ്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിന് തടസമാകാന്‍ സാധ്യതയുള്ള ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് പലരും ഒഴിഞ്ഞുമാറിയെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കന്‍ കോണ്‍ഗ്രസിലെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കവേ മോദിക്ക് എത്ര തവണ എഴുന്നേറ്റ് നിന്നുള്ള കയ്യടി ലഭിച്ചുവെന്നാണ് ഇന്ത്യയിലെ വാര്‍ത്താ വെബ്‌സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ അനുകൂല പോര്‍ട്ടലുകളും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിദേശ നേതാക്കളെ ഇത്തരത്തില്‍ അഭിസംബോധന ചെയ്യുന്നത് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ ഒരുപാട് കാലത്തെ രീതിയാണെന്നത് വിസ്മരിച്ച് കൊണ്ടാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതുപോലെ സമ്മേളനത്തിനിടെ ‘മോദി, മോദി,’ ‘വന്ദേ ഭാരതം’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവെന്നും മാധ്യമങ്ങള്‍ വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഇരു രാജ്യങ്ങള്‍ക്കും വേണ്ടി ബൈഡനും മോദിയും പരസ്പരം കൈമാറിയ സമ്മാനങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ വെച്ച് ബൈഡന്‍ മോദിക്ക് നല്‍കിയ വിരുന്നിലെ വിഭവങ്ങളെ കുറിച്ചും നിരവധി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിരുന്നിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ചില അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മാത്രമല്ല, മോദിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ പ്രവാസി സംഘടനകള്‍ നടത്തിയ റാലികളെ കുറിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ മോദിയെ സ്വാഗതം ചെയ്യാന്‍ ഒരുമിച്ച് കൂടിയവരെ കുറിച്ചാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും മുസ്‌ലിങ്ങളുടെയും അവകാശങ്ങളെ കുറിച്ച് ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തക ചോദിച്ച ചോദ്യവും അതിനുള്ള മോദിയുടെ ഉത്തരവും പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രധാനവാര്‍ത്തയായി വന്നിട്ടുണ്ട്.

content highlights: Indian and american reports about modi’s U.S. visit

We use cookies to give you the best possible experience. Learn more