| Monday, 21st October 2024, 12:25 pm

ഇന്ത്യന്‍ അമേരിക്കക്കാര്‍ കമല ഹാരിസിന് വോട്ട് ചെയ്യാന്‍ മടിക്കുന്നു: ഡെമോക്രാറ്റിക് കമ്മ്യൂണിറ്റി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യന്‍ അമേരിക്കക്കാര്‍ കമല ഹാരിസിന് വോട്ട് ചെയ്യാന്‍ മടിക്കുന്നതായി ഡെമോക്രാറ്റിക് കമ്മ്യൂണിറ്റി നേതാവ് സ്വദേശ് ചാറ്റര്‍ജി. കാലിഫോര്‍ണിയയിലെ മുന്‍ അറ്റോര്‍ണി ജനറല്‍ റോളില്‍ പ്രവര്‍ത്തിച്ചിട്ടും കാര്യമായ പ്രവര്‍ത്തികളൊന്നും ചെയ്തിട്ടില്ലെന്ന കാരണത്താലാണ് വോട്ട് ചെയ്യാന്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ മടിക്കുന്നതെന്നാണ് സ്വദേശ് ചാറ്റര്‍ജി പറയുന്നത്.

ഡെമോക്രാറ്റിക് കമ്മ്യൂണിറ്റി ഇന്ത്യന്‍ അമേരിക്കന്‍സ് ഫോര്‍ ഹാരിസ് എന്ന ഗ്രൂപ്പുണ്ടാക്കിയെന്നും നോര്‍ത്ത് കരോലിന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വൈസ് പ്രസിഡന്റിന് പിന്തുണ നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

കമല ഹാരിസിനെ നന്നായി അറിയാത്തതിനാല്‍ കമ്മ്യൂണിറ്റി ഹാരിസിനെ അംഗീകരിക്കാന്‍ മടിക്കുന്നുവെന്നും അതേസമയം ഹാരിസ് അറ്റോര്‍ണി ജനറല്‍ എന്ന നിലയില്‍ ഇന്ത്യന്‍ അമേരിക്കന്‍ അടിത്തറ ഉണ്ടാക്കിയിട്ടില്ലെന്നും സെനറ്റര്‍ എന്ന നിലയില്‍ കമ്മ്യൂണിറ്റിയുടെ ഏതെങ്കിലും പരിപാടികള്‍ക്കോ ഹാരിസ് ഭാഗമായിട്ടില്ലെന്നും സ്വദേശ് ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാഴ്ചക്കകം നടക്കാനിരിക്കെ പ്രചരണത്തിന്റെ അവസാന സമയങ്ങളാണ് നിലവില്‍ നടക്കുന്നത്. ഈ സാഹചര്യത്തിലെ ഇന്ത്യന്‍ അമേരിക്കക്കാരില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് തന്റെ വെളിപ്പെടുത്തലുകളെന്നാണ് ചാറ്റര്‍ജി പറയുന്നത്.

കമല ഹാരിസ് ഈ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നുണ്ടെങ്കിലും ഇതൊരു വെല്ലുവിളിയാണെന്നും ഏഷ്യന്‍ അമേരിക്കന്‍, സൗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റികളില്‍ വിശ്വാസ്യതയില്ലെന്നുള്ളത് അവര്‍ക്ക് തന്നെ അറിയാവുന്ന കാര്യമാണെന്നും ചാറ്റര്‍ജി വ്യക്തമാക്കി.

‘ഇന്ത്യന്‍ അമേരിക്കക്കാരില്‍ പലരും ഡൊണാള്‍ഡ് ട്രംപ് നികുതി കുറയ്ക്കുമെന്ന് കരുതുന്നു. ഹൗഡി മോദി, ടെക്‌സാസ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നടക്കുന്ന നമസ്‌തേ ട്രംപ് പരിപാടികള്‍ ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ഊട്ടിയുറപ്പിക്കുമെന്ന് അവര്‍ ധരിക്കുന്നുണ്ട്,’ ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു.

സെനറ്റ് അംഗമായിരുന്നപ്പോള്‍ കമല ഹാരിസ് തന്റെ ഇന്ത്യന്‍ പൈതൃകം തിരിച്ചറിഞ്ഞില്ലെന്നും വൈസ് പ്രസിഡന്റായി നാമനിര്‍ദേശം ചെയ്യപ്പെട്ടപ്പോള്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തില്‍ പ്രവേശിച്ചുവെന്നും പറഞ്ഞ ചാറ്റര്‍ജി കമല ഹാരിസിന് വേണ്ടി വെബ്‌സൈറ്റ് നിര്‍മിച്ചിട്ടുണ്ടെന്നും ഹാരിസിനെ എല്ലാ ഇന്ത്യക്കാരും പിന്തുണയ്ക്കണമെന്നും താന്‍ സമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശം അതാണെന്നും ചൂണ്ടിക്കാട്ടി.

Content Highlight: Indian Americans hesitate to vote for Kamala Harris: Democratic community leader

Latest Stories

We use cookies to give you the best possible experience. Learn more