ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടൈംസ് മാഗസിന്‍ 2020 ലെ ഹീറോകളിലൊരാളായി തെരഞ്ഞെടുത്ത രാഹുല്‍ ദുബെ. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുല്‍ താന്‍ കര്‍ഷകപ്രതിഷേധത്തെ പിന്തുണയ്ക്കുന്നുവെന്നറിയിച്ചത്.
‘മാറ്റത്തിനായി കര്‍ഷകരെല്ലം ഒരുമിച്ച് സമാധാനത്തോടെ പ്രതിഷേധിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു. ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും വലിയ മുന്നേറ്റമാണിത്’, രാഹുല്‍ പറയുന്നു.
ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ രാഹുല്‍ ദുബെ കറുത്തവരോടുള്ള വിവേചനത്തിന്റെ പേരില്‍ അമേരിക്കയില്‍ ജീവന്‍ നഷ്ടപെട്ട ജോര്‍ജ് ഫ്ളോയിഡിന് വേണ്ടി പ്രതിഷേധിച്ച എഴുപതോളം പേര്‍ക്ക് താമസം ഒരുക്കിയിരുന്നു.
ഈ പ്രവൃത്തിയാണ് രാഹുലിനെ ‘ഹീറോസ് ഓഫ് 2020’ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആവശ്യക്കാര്‍ക്ക് അഭയകേന്ദ്രം ഒരുക്കിയ വ്യക്തി എന്നാണ് ഇദ്ദേഹത്തെ ടൈം മാസിക വിശേഷിപ്പിച്ചത്.
കഴിഞ്ഞ ജൂണ്‍ ഒന്നാം തിയതി വാഷിങ്ടണ്‍ ഡി.സിയിലെ തെരുവില്‍ ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ തടിച്ചുകൂടിയവര്‍ക്ക് രക്ഷാകേന്ദ്രമാവുകയായിരുന്നു രാഹുലിന്റെ വീട്. വൈറ്റ് ഹൗസിന് അടുത്തായിരുന്നു രാഹുല്‍ താമസിച്ചിരുന്നത്.
വൈകിട്ട് ഏഴ് മണി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ വീടിന് പുറത്തേക്ക് നോക്കിയ രാഹുല്‍ കണ്ടത് തെരുവില്‍ പ്രതിഷേധക്കാര്‍ കൂട്ടമായി നില്‍ക്കുന്നതാണ്. ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലീസ് സമരക്കാരെ തടയുന്നുണ്ടായിരുന്നു.
മടങ്ങിപ്പോകാത്തവരെ തുരത്താനായി കുരുമുളക് സ്പ്രെ അടക്കം പ്രയോഗിക്കുന്നത് രാഹുലിന്റെ ശ്രദ്ധയില്‍പ്പെട്ടു.
വീടിന്റെ മുന്‍വാതില്‍ തുറന്ന അയാള്‍ അകത്തുകയറാന്‍ പ്രതിഷേധക്കാരോട് അലറിവിളിച്ച് പറഞ്ഞു. ആളുകള്‍ പ്രാണിക്കൂട്ടത്തെപ്പോലെ വീട്ടിലേക്ക് ഇരച്ചെത്തി. കര്‍ഫ്യൂ ലംഘനം ഒഴിവാക്കാന്‍ എഴുപതോളം ആളുകളെ അന്ന് രാത്രി വീട്ടില്‍ പാര്‍പ്പിച്ചെന്ന് രാഹുല്‍ പറയുന്നു.
‘ആളുകള്‍ ചുമയ്ക്കുകയും കരയുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. തമ്മില്‍ വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു, അഭിഭാഷകരുടെ ഫോണ്‍നമ്പറുകള്‍ പരസ്പരം നല്‍കി. അന്ന് കണ്ടത് യഥാര്‍ത്ഥ സഹവര്‍ത്തിത്വം തന്നെയാണ്’, രാഹുല്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക