| Thursday, 2nd February 2023, 2:59 pm

അറസ്റ്റിലായ മറ്റ് മുസ്‌ലിം യുവാക്കളെയും വിട്ടയക്കണം; സിദ്ദീഖ് കാപ്പന്റെ മോചനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍-അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനായതില്‍ പ്രതികരണവുമായി ഇന്ത്യന്‍-അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍(IAMC). കാപ്പന്റെ മോചനത്തെ സ്വാഗതം ചെയ്ത കൗണ്‍സില്‍ അദ്ദേഹത്തിനൊപ്പം അറസ്റ്റിലായവരെ കൂടി വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.

ട്വിറ്ററിലൂടെയായിരന്നു യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍- അമേരിക്കന്‍ മുസ്‌ലിങ്ങളുടെ അഭിഭാഷക സംഘടനയായ ഐ.എ.എം.സിയുടെ പ്രതികരണം.

’28 മാസത്തെ അന്യായ തടവിന് ശേഷമുള്ള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തെ ഐ.എ.എം.സി സ്വാഗതം ചെയ്യുന്നു. കാപ്പനൊപ്പം അറസ്റ്റിലായ മറ്റ് മുസ്‌ലിം യുവാക്കളെ വിട്ടയക്കാനും, കള്ളക്കേസ് തള്ളിക്കളയാനും ഞങ്ങള്‍ കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു,’ ഐ.എ.എം.സി ട്വീറ്റ് ചെയ്തു.

രാഷ്ട്രീയ- സാംസാകാരിക മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് കാപ്പന്റെ മോചനത്തില്‍ പ്രതികരിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 വിജയിച്ചു എന്നാണ് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ട്വീറ്റ് ചെയ്ത്.

‘ആത്യന്തികമായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 വിജയിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സ്വതന്ത്രനാണ്.

വിചാരണ കോടതി ജഡ്ജിമാര്‍ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകണം, അത് ശരിക്കും വിചാരണയ്ക്ക് മുമ്പുള്ള തടവറയാണ്,’ ചിദംബരം പറഞ്ഞു.

ഇന്ന് രാവിലെയാണ് നടപടികള്‍ പൂര്‍ത്തിയായതോടെ ലഖ്നൗ ജയിലില്‍ നിന്ന് സിദ്ദീഖ് കാപ്പന്‍ പുറത്തിറങ്ങിയത്. ഇനിയും നീതി ലഭിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായവര്‍ക്ക് കൂടെ നീതി ലഭിച്ചാലെ അത് പൂര്‍ണമാവുകയുള്ളുവെന്നും ജയിലില്‍ നിന്ന് മോചിതനായ ശേഷം കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇ.ഡി കേസില്‍ അലഹബാദ് കോടതിയും, യു.എ.പി.എ കേസില്‍ സുപ്രീം കേടതിയും ജാമ്യം അനുവദിച്ചതോടെയാണ് കാപ്പന്‍ ജയില്‍ മോചിതനായത്. അറസ്റ്റിലായി രണ്ട് വര്‍ഷവും മൂന്ന് മാസവും പൂര്‍ത്തിയാകുമ്പോഴാണ് സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനാകുന്നത്.


Content Highlight: Indian-American Muslim Council reacts to the release of journalist Siddique Kappan from prison

We use cookies to give you the best possible experience. Learn more