| Friday, 4th December 2020, 2:08 pm

ടൈം മാഗസിന്റെ ആദ്യ 'കിഡ് ഓഫ് ദി ഇയര്‍' പുരസ്‌കാരം ഇന്ത്യന്‍ വംശജയായ പതിനഞ്ചുകാരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ടൈം മാഗസിന്‍ ഈ വര്‍ഷം മുതല്‍ ആരംഭിച്ചിരിക്കുന്ന കിഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന്റെ ആദ്യ ജേതാവായി ഇന്ത്യന്‍ വംശജയായ ഗീതാഞ്ജലി റാവോ. പതിനഞ്ചുകാരിയായ ഗീതാഞ്ജലി  യുവ ശാസ്ത്രഞ്ജയാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് മലിനജലത്തിന് മുതല്‍ സൈബര്‍ ബുള്ളിയിങിന് വരെ വ്യത്യസ്തമായ പരിഹാരങ്ങള്‍ കണ്ടെത്തിയതിലൂടെയാണ് അഞ്ജലി ഈ അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയത്.

‘ലോകം അത് രൂപപ്പെടുത്തിയെടുക്കുന്നവര്‍ക്കുള്ളതാണ്. എത്ര തന്നെ അനിശ്ചിതാവസ്ഥിലായാലും ഈ കുട്ടികള്‍ സൃഷ്ടിക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ പ്രതീക്ഷാവഹമാണ്.’ ടൈം മാഗസിന്‍ പറയുന്നു. 50,000 കുട്ടികളായിരുന്നു ടൈം മാഗസിന്റെ പുരസ്‌കാരത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഒടുവില്‍ വിവിധ ഘട്ടങ്ങള്‍ക്ക് ശേഷം ഗീതാഞ്ജലി അഭിമാനനേട്ടം സ്വന്തമാക്കുകയായിരുന്നു.

അമേരിക്കയിലെ കൊളറോഡയിലാണ് ഗീതാഞ്ജലി താമസിക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ ശാസ്ത്രമേഖലയില്‍ തല്‍പരമായ ഗീതാഞ്ജലി തന്റെ കണ്ടുപിടിത്തങ്ങളെ കുറിച്ച് ടൈം മാഗസിന് നല്‍കിയ അഭിമുഖം ചര്‍ച്ചയായിരിക്കുകയാണ്. ഹോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ ആഞ്ജലീന ജോളിയാണ് ടൈം സ്‌പെഷ്യലിന് വേണ്ടി അഞ്ജലിയുമായി അഭിമുഖം നടത്തിയത്.

മുന്‍പ് ഒരിക്കലും ഇല്ലാതിരുന്ന പ്രശ്‌നങ്ങളാണ് ഇന്നത്തെ തലമുറ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതും എന്നാല്‍ കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും അതോടൊപ്പം ഇവിടെ തുടരുന്നുണ്ടെന്നും ഗീതാഞ്ജലി റാവോ പറഞ്ഞു. എന്നാല്‍ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണലല്ല ഓരോരുത്തരുടെയും താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കലാണ് പ്രധാനമെന്നും ഗീതാഞ്ജലി കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ ഇപ്പോള്‍ ഒരു മഹാമാരിയെ നേരിടുകയാണ്. അതേസമയത്ത് തന്നെ മനുഷ്യാവകാശ പ്രശ്‌നങ്ങളും കാലാവസ്ഥ വ്യതിയാനവും പരിഹാരം കാണേണ്ട പ്രശ്‌നങ്ങളായി തുടരുന്നു. എന്നാല്‍ ഇവയെല്ലാം പരിഹരിക്കാനുള്ള വമ്പന്‍ കണ്ടുപിടിത്തങ്ങള്‍ നടത്തണമെന്നല്ല പറയുന്നത്. ചപ്പുചവറുകള്‍ എടുത്തുകളയാനുള്ള ഒരു എളുപ്പമാര്‍ഗം വേണമെന്നാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ അത് കണ്ടെത്തുന്നതും പ്രധാനപ്പെട്ട കാര്യമാണ്. എത്ര ചെറിയ കാര്യമാണെങ്കിലും അതിന് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.’ ഗീതാഞ്ജലിപറഞ്ഞു.

ലിംഗത്തിന്റെയും പ്രായത്തിന്റെയും നിറത്തിന്റെയും പേരില്‍ നടക്കുന്ന വിവേചനങ്ങളെ കുറിച്ചും അഞ്ജലി സംസാരിച്ചു. ‘എന്നെ കണ്ടാല്‍ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെപ്പോലെ തോന്നില്ലെന്ന് എനിക്കറിയാം. കാരണം ടിവിയിലും മറ്റുമായി ശാസ്ത്രഞ്ജര്‍ എന്ന പേരില്‍ എപ്പോഴും ഞാന്‍ കണ്ടിട്ടുള്ളത് കുറച്ച് മുതിര്‍ന്ന വെള്ളക്കാരായ പുരുഷന്മാരെ മാത്രമാണ്. ഓരോരുത്തര്‍ക്കും അവരുടെ ലിംഗത്തിനും പ്രായത്തിനും തൊലിയുടെ നിറത്തിനും അനുസരിച്ച് ചില പ്രത്യേക സ്ഥാനവും ചെയ്യേണ്ട കാര്യങ്ങളും നിശ്ചയിച്ചു വെച്ചിട്ടുണ്ടെന്ന നിലയിലാണ് കാര്യങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. തികച്ചും വിചിത്രമാണത്.’ ഗീതാഞ്ജലി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Indian American Anjali Rao selected as first ever Time Kid of the Year

We use cookies to give you the best possible experience. Learn more