ഉക്രൈനില്‍ നിന്നും എല്ലാ ഇന്ത്യക്കാരേയും തിരികെയെത്തിക്കും, ധൈര്യത്തോടെയിരിക്കുക; കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളോട് ഇന്ത്യന്‍ അംബാസിഡര്‍
World News
ഉക്രൈനില്‍ നിന്നും എല്ലാ ഇന്ത്യക്കാരേയും തിരികെയെത്തിക്കും, ധൈര്യത്തോടെയിരിക്കുക; കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളോട് ഇന്ത്യന്‍ അംബാസിഡര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th February 2022, 8:54 am

കീവ്: എല്ലാ ഇന്ത്യക്കാരേയും ഉക്രൈനില്‍ നിന്നും സര്‍ക്കാര്‍ തിരികെ എത്തിക്കുമെന്ന് അറിയിച്ച് ഉക്രൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ പാര്‍ത്ഥ സത്പതി. താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ അഭയം തേടാനും അദ്ദേഹം നിര്‍ദേശിച്ചു.

സാഹചര്യങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ നേരിടണമെന്നും എല്ലാം ശരിയാകുമെന്ന് ബന്ധുക്കളേയും വീട്ടുകാരേയും അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈനില്‍ റഷ്യ സൈനിക ഓപ്പറേഷന്‍ ആരംഭിച്ചതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസ സ്ഥലപനങ്ങളില്‍ കുടുങ്ങിപ്പോയത്. ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനായി അധികൃതരോട് അപേക്ഷിച്ചുകൊണ്ടിരിക്കുകയാണ് അവര്‍.

‘ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഓരോ ഇന്ത്യക്കാരനും നാട്ടിലേക്ക് മടങ്ങും. വിമാനങ്ങള്‍ സജ്ജീകരിക്കുകയാണ്. പക്ഷേ അതൊരു യുദ്ധമേഖലയാണ്. അവിടെ എത്തിച്ചേരാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം,’ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളോട് സംസാരിക്കവെ സത്പതി പറഞ്ഞു.

അയല്‍രാജ്യങ്ങളിലൂടെയും ഉക്രൈന്‍ അതിര്‍ത്തികളിലൂടെയും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും സത്പതി പറഞ്ഞു.

‘അയല്‍രാജ്യങ്ങളിലെ നമ്മുടെ എംബസികള്‍, വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ സര്‍ക്കാര്‍ എന്നിവയുമായി ഏകോപിപ്പിച്ച ശേഷം വാഹനങ്ങളുടെ അയക്കാന്‍ തുടങ്ങിയിട്ടുണ്ട്. റൊമാനിയ വഴി ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളെ എത്തിക്കും,’ അദ്ദേഹം വിശദീകരിച്ചു.

‘ഈ വിഷമകരമായ സാഹചര്യത്തില്‍, ധൈര്യത്തോടെ ഇരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഉക്രൈനിലെ ഇന്ത്യന്‍ സമൂഹത്തിനായി എംബസി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്,’ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി എംബസി ഒന്നും ചെയ്യുന്നില്ല എന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആരോപിക്കുന്നതിനിടയിലാണ് നടപടികളുമായി എംബസി മുന്നോട്ട് പോകുന്നത്.

റൊമാനിയയില്‍ നിന്നും ഹംഗറിയില്‍ നിന്നും പലായനം ചെയ്യാനുള്ള വഴികള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ സര്‍ക്കാരും എംബസിയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉക്രെയ്‌നില്‍ ഏകദേശം 20,000 ഇന്ത്യക്കാര്‍ ഉണ്ടെന്നും അവരില്‍ 4,000 ത്തോളം പേര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് മടങ്ങിയെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല വ്യാഴാഴ്ച പറഞ്ഞു.


Content Highlight: Indian Ambassador says all Indians will be repatriated from Ukraine