| Wednesday, 14th August 2019, 11:24 am

അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര പുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര ബഹുമതി. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര. വ്യോമസേനയാണ് അഭിനന്ദനെ വീര്‍ ചക്രയ്ക്ക് ശുപാര്‍ശ ചെയ്തത്.

യുദ്ധമുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് സൈനികര്‍ക്ക് വീര്‍ ചക്ര സമ്മാനിക്കുന്നത്. പരംവീര്‍ ചക്ര, മഹാവീര്‍ ചക്ര പുരസ്‌കാരങ്ങള്‍ക്ക് പിന്നാലെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണിത്.

വ്യോമസേന സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധ സേവ മെഡലിന് അര്‍ഹനായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

അതിര്‍ത്തിയില്‍ പാക് വിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടെയായിരുന്നു അഭിനന്ദന്‍ പാക് പിടിയിലാകുന്നത്. ബാലാകോട്ട് ആക്രമണത്തിന് ശേഷം പാകിസ്ഥാന്റെ പിടിയില്‍ അകപ്പെട്ട അഭിനന്ദന്‍ വര്‍ധമാനെ പിന്നീട് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. 48 മണിക്കൂര്‍ നേരം പാക് കസ്റ്റഡിയില്‍ വെച്ച ശേഷമായിരുന്നു അദ്ദേഹത്തെ വിട്ടുനല്‍കിയത്.

ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും പാക് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും അഭിനന്ദനായിരുന്നു.

ബാലാകോട്ട് ആക്രമണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതിനാണ് എയര്‍ ഫോഴ്‌സ് സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധസേവാ മെഡലിന് അര്‍ഹനായത്. രാഷ്ട്രീയ റൈഫിള്‍സിലെ പ്രകാശ് ജാദവിന് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്‍കും. എട്ട് പേര്‍ക്ക് ശൗര്യ ചക്ര പുരസ്‌കാരം സമ്മാനിക്കും.

We use cookies to give you the best possible experience. Learn more