'ഫോനി' കാരണം 'ബ്രഹ്മോസ്' മിസൈലിന്റെ പരീക്ഷണം മാറ്റിവെച്ച് ഇന്ത്യൻ വ്യോമസേന
ന്യൂദൽഹി: ‘ഫോനി’ ചുഴലിക്കാറ്റ് മൂലമുണ്ടായേക്കാവുന്ന അപകടങ്ങൾ മുന്നിൽകണ്ട് ‘ബ്രഹ്മോസ്’ സൂപ്പർസോണിക്ക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം മാറ്റിവെച്ച് ഇന്ത്യൻ വ്യോമസേന. മിസൈലിന്റെ വായുവിൽ നിന്നും വിക്ഷേപിക്കാവുന്ന പതിപ്പിന്റെ പരീക്ഷണമാണ് മാറ്റിവെച്ചത്. സുഖോയ് 30 ഫൈറ്റർ വിമാനത്തിൽ നിന്നുമാണ് ‘ബ്രഹ്മോസ്’ വിക്ഷേപിക്കാനിരുന്നത്.
ബ്രഹ്മോസിന്റെ ഈ പതിപ്പ് തെക്കേ ഇന്ത്യയിൽ നിന്നും ഈ ആഴ്ചയിൽ തന്നെ വിക്ഷേപിക്കാനായിരുന്നു വ്യോമസേന പദ്ധതിയിട്ടിരുന്നത്. ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് സമാനമായ ആക്രമണം നടത്താൻ ശേഷിയുള്ള മിസൈലാണ് ബ്രഹ്മോസ്. ഫോനി മൂലം തങ്ങൾ പരീക്ഷണം മാറ്റി വെച്ചുവെങ്കിലും ഉടൻ തന്നെ അത് നടത്തും എന്ന് വ്യോമസേന ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
മിസൈലുകളുടെ പ്രഹരണശേഷി കൂട്ടാനായി ഏറെ നാളുകളായി പരീക്ഷണങ്ങൾ നടത്തുകയായിരുന്നു ഡി.ആർ.ഡി.ഒയും ഇന്ത്യൻ വ്യോമസേനയും. സുഖോയ് 30 എം.കെ.ഐ. വിമാനത്തിൽ നിന്നും വിക്ഷേപിക്കാവുന്ന ഈ 290 കിലോമീറ്റർ റേഞ്ചുള്ള മിസൈലിന്റെ വിജയത്തിനായി ഏറെ പ്രതീക്ഷയോടെയാണ് വ്യോമസേന കാത്തിരിക്കുന്നത്.
ബാലകോട്ട് ആക്രമണത്തിന്റെ മാതൃകയിൽ ഈ മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്താൻ രാജ്യങ്ങളുടെ അതിർത്തികൾ കടക്കേണ്ടതില്ലെന്നും വ്യോമസേന പറയുന്നു. ഇത്തരം മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യൻ അതിർത്തിക്ക് 150 കിലോമീറ്റർ ഉള്ളിൽ നിന്നുതന്നെ ആക്രമണം നടത്താനാകും.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിങ്കളാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഫോനി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തീരങ്ങളെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് കേരളത്തിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാൽ ഫോനി ഇന്ന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബംഗ്ളാദേശിനെയും ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഫോനി ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളെ കാര്യമായി ബാധിക്കില്ല എന്നാണു ഇപ്പോൾ കാലാവസ്ഥ വിദഗ്ധർ പറയുന്നത്