| Friday, 12th July 2024, 12:19 pm

വീര്യം കുറഞ്ഞ് സേനാപതി, ഇതല്ല ഞങ്ങളുടെ ഇന്ത്യൻ; ഇന്ത്യൻ 2 ആദ്യ പ്രതികരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാത്തിരിപ്പിനൊടുവിൽ സേനാപതി വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ അവതരിച്ചിരിക്കുകയാണ്. സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു ഇന്ത്യന്‍ 2. 1996ല്‍ ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ വന്ന ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ചിത്രം.

ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയതിനൊപ്പം ഇന്‍ഡസ്ട്രി ഹിറ്റായി മാറാനും ഇന്ത്യന് സാധിച്ചിരിന്നു. സേനാപതി എന്ന കഥാപാത്രം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. 2019ല്‍ അനൗണ്‍സ് ചെയ്ത ഇന്ത്യന്‍ 2 ഒരുപാട് നാളുകൾക്ക് ശേഷമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് ശേഷം സമ്മിശ്ര പ്രതികരണമാണ് പുറത്ത് വരുന്നത്. ഇന്ത്യൻ എന്ന ക്ലാസിക്ക് ചിത്രത്തിന്റെ ക്വാളിറ്റി ഇന്ത്യൻ 2വിലേക്ക് വരുമ്പോൾ നഷ്ടപ്പെടുന്നുണ്ടെന്ന് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നുണ്ട്. മൂന്ന് മണിക്കൂറോളം നീണ്ടു നിൽക്കുന്ന സിനിമയുടെ ദൈർഘ്യവും ചില പ്രേക്ഷകരെ മുഷിപ്പിച്ചിട്ടുണ്ട്.

എന്നാൽ പതിവ് ഷങ്കർ ചിത്രങ്ങൾ പോലെ തന്നെ ടെക്നിക്കലി മികച്ച് നിൽക്കുന്ന ചിത്രമാണ് ഇന്ത്യൻ 2വെന്നാണ് പൊതുവെയുള്ള റിപ്പോർട്ടുകൾ.
നെടുമുടി വേണു, വിവേക് എന്നിവരെ വീണ്ടും സ്‌ക്രീനിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ചിലർ പങ്കുവെക്കുന്നുണ്ട്.

ഇന്ത്യൻ 2 വിന്റെ അവസാനം ഇന്ത്യൻ 3യുടെ മൂന്നാം ഭാഗത്തിന്റെ ട്രെയ്ലർ കാണിക്കുമെന്ന് നേരത്തെ തന്നെ സംവിധായകൻ ഷങ്കർ പുറത്തുവിട്ടിരുന്നു. ഇന്ത്യൻ 3യുടെ ട്രെയ്ലർ മികച്ച അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചതെന്ന് ആളുകൾ പറയുന്നു. ഇന്ത്യൻ 2 വിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലാണ് കമൽഹാസൻ ഇന്ത്യൻ 3യിൽ പ്രത്യക്ഷപ്പെടുന്നത്.

ഇന്ത്യൻ എന്ന ചിത്രത്തിന് എ.ആർ റഹ്മാൻ നൽകിയ സംഗീതം ഇന്നും പ്രേക്ഷകർ ആവർത്തിച്ചു കേൾക്കാറുണ്ട്. എന്നാൽ പുതിയ ചിത്രത്തിലേക്ക് വരുമ്പോൾ നിലവിൽ തമിഴിലെ ഏറ്റവും തിരക്കുള്ള അനിരുദ്ധാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിലർ ഒന്നാം ഭാഗത്തിലെ ഗാനങ്ങളുമായി ഇതിനെ താരതമ്യപ്പെടുത്തുമ്പോഴും സിനിമയെ പിടിച്ചു നിർത്തുന്നതിൽ അനിരുദ്ധ് വിജയിച്ചിട്ടുണ്ടെന്നും പ്രേക്ഷകർ പറയുന്നു.

ചിത്രത്തിൽ സിദ്ധാർഥ്, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, എസ്.ജെ.സൂര്യ, ബോബി സിംഹ, തുടങ്ങിയ വമ്പൻ താരനിര ഒന്നിക്കുന്നുണ്ട്. കമൽ ഹാസൻ പ്രധാന വേഷത്തിൽ എത്തിയ കൽക്കി 2898 എ.ഡി എന്ന പ്രഭാസ് ചിത്രം മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. കൂടാതെ വിക്രം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം വരുന്ന കമൽ ഹാസൻ ചിത്രം എന്ന നിലയിലും ഇന്ത്യൻ 2വിന് പ്രതീക്ഷകൾ ഏറെയായിരുന്നു.

മുമ്പ് യന്തിരൻ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ രണ്ടാംഭാഗം ഷങ്കർ ഒരുക്കിയപ്പോൾ പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ 2വിലേക്ക് വരുമ്പോൾ നിലവിൽ സമ്മിശ്ര പ്രതികരണം നേടുമ്പോൾ സേനാപതി ബോക്സ്‌ ഓഫീസ് ഭരിക്കുമോയെന്ന് കണ്ടറിയണം.

Content Highlight: Indian 2 Movie First Show Audience Reaction

We use cookies to give you the best possible experience. Learn more