| Friday, 1st August 2014, 12:34 pm

കോമണ്‍വെല്‍ത്ത് ഗെയിംസ്: സ്വര്‍ണ്ണം എറിഞ്ഞു വീഴ്ത്തി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ വേട്ടയുമായി ഇന്ത്യ. ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം എറിഞ്ഞു വീഴ്ത്തിയ വികാസ് ഗൗഡയാണ് എട്ടാം ദിനത്തിലെ ഇന്ത്യയുടെ സുവര്‍ണ നേട്ടത്തിന് തിരി കൊളുത്തിയത്.

പുരുഷന്‍മാരുടെ 65 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തും വനിതകളുടെ 55 കിലോ വിഭാഗം ഗുസ്തിയില്‍ ബബിതാ കുമാരിയും സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം 13 ആയി.

അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ് വികാസ് സ്വന്തമാക്കിയത്. കാനഡയുടെ ബ്രിട്ടാനി ലാവര്‍ദൂറിയെ പരാജയപ്പെടുത്തി ബബിതയും തീരം ജെവോന്‍ ബാല്‍ഫോറിനെ കീഴടക്കി ഒളിംപിക് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തും സ്വര്‍ണ്ണം നേടിയപ്പോള്‍ വനിതകളുടെ 63 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ താരം ഗീതിക ജഖാര്‍ വെള്ളി നേടി.

പുരുഷന്‍മാരുടെ 86 കിലോ വിഭാഗത്തില്‍ പാകിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ തോല്‍പിച്ച് പവന്‍ കുമാര്‍ വെങ്കലം നേടിയിരുന്നു.  വനിതകളുടെ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് വോള്‍ട്ടില്‍  വെങ്കലമെഡലുമായി ദീപ കര്‍മാകര്‍ ജിംനാസ്റ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ കോമണ്‍വെല്‍ത്ത് മെഡല്‍ സമ്മാനിച്ചു.

പുരുഷ ഹോക്കിയില്‍ ദക്ഷിണാഫ്രിക്കയെ 5-2നു മറികടന്ന് ഇന്ത്യന്‍ ടീം സെമിയിലെത്തി. അതേസമയം വനിതകളുടെ 800 മീറ്റര്‍ സെമിയില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മലയാളിതാരം ടിന്റു ലൂക്ക പുറത്തായി.

13 സ്വര്‍ണ്ണവും 20 വെള്ളിയും 14 വെങ്കലവുമടക്കം 47 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനം നിലനിര്‍ത്തുകയാണ്. 42 സ്വര്‍ണ്ണമടക്കം 111 മെഡലുകളുമായി ഇംഗ്ലണ്ടാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഒന്നാമന്‍.

We use cookies to give you the best possible experience. Learn more