കൈവിട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ; ഇനി ഫൈനലിലെത്താന്‍ വഴിയിങ്ങനെ
Sports News
കൈവിട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ; ഇനി ഫൈനലിലെത്താന്‍ വഴിയിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th November 2024, 5:02 pm

 

പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ടെസ്റ്റിലെ വമ്പന്‍ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. രോഹിത് ശര്‍മയില്ലാതെ ഇറങ്ങിയ ഇന്ത്യന്‍ ടീം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ 295 റണ്‍സിന്റെ അവിസ്മരണീയ ജയമാണ് സ്വന്തമാക്കിയത്. 5 ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ പരമ്പരയില്‍ ഇന്ത്യ 1-0ന്റെ ലീഡും നേടി.

ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ പെര്‍ത്തില്‍ പുതു ചരിത്രം കൂടിയെഴുതി. ഇന്ത്യയുടെ ആദ്യ ജയത്തിലൂടെ പെര്‍ത്ത് സ്റ്റേഡിയത്തില്‍ ഓസീസിന് അവരുടെ ആദ്യ ടെസ്റ്റ് തോല്‍വിയും നേരിട്ടു.

എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഫൈനലിലേക്ക് കടക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ എന്നാണ് ആരാധകരുടെ സംശയം.

ലോക ടെസ്റ്റ് ഫൈനലിലേക്ക് ഇനി എത്ര ദൂരം?

ഈ വര്‍ഷം സെപ്റ്റംബറിന്റെ തുടക്കത്തില്‍, ഡബ്ല്യു.ടി.സി ഫൈനലില്‍ തുടര്‍ച്ചയായ മൂന്നാം തവണയും യോഗ്യത ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് നാല് വിജയങ്ങള്‍ മാത്രമായിരുന്നു ആവശ്യമുള്ളത്. സ്വന്തം തട്ടകത്തില്‍ ഒക്ടോബറില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരായ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കിയതോടെ, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിലേക്ക് ഒരു ചുവടുകൂടി അടുത്തിരുന്നു.

എന്നാല്‍ സ്വന്തം തട്ടകത്തിലെ ഇന്ത്യയുടെ ദീര്‍ഘകാല ആധിപത്യത്തിന് ഒക്ടോബര്‍ അവസാനത്തില്‍ വലിയ തിരിച്ചടി ലഭിച്ചു .12 വര്‍ഷത്തിനിടെ സ്വന്തം തട്ടകത്തില്‍ ഇന്ത്യയുടെ ആദ്യ തോല്‍വി ഏല്‍പ്പിക്കാന്‍ ന്യൂസിലാന്‍ഡിനു സാധിച്ചു. 3 -0 നായിരുന്നു ഇന്ത്യയുടെ നാണംകെട്ട തോല്‍വി. ഇത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ മുഴുവന്‍ സാധ്യതകളും അവസാനിപ്പിച്ചിരുന്നു. ഇതോടെ അതുവരയുണ്ടായിരുന്ന ജയ-പരാജയ സമവാക്യങ്ങള്‍ക്കും അന്ത്യമായി.

 

എന്നാല്‍ ബോര്‍ഡര്‍-ഗവസ്‌കര്‍ ട്രോഫിയിലൂടെ ഇന്ത്യ ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ ഉറപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

2023-25 സൈക്കിളില്‍ ഇതുവരെ 15 മത്സരങ്ങളില്‍ ഒമ്പത് വിജയങ്ങള്‍ നേടിയ ഇന്ത്യ 61.11 എന്ന പോയിന്റ് പെര്‍സെന്റേജില്‍ ഡബ്ല്യൂ.ടി.സി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. അതേസമയം, 13 മത്സരങ്ങളില്‍ എട്ട് ജയം നേടിയ ഓസ്ട്രേലിയ 57.69 പോയിന്റ് പെര്‍സെന്റേജുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പരമ്പരയിലെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ തോല്‍വി ഒഴിവാക്കുകയോ ഓസ്‌ട്രേലിയയെ ഒന്നില്‍ കൂടുതല്‍ സമനിലയില്‍ തളയ്ക്കുകയോ ചെയ്താല്‍ മാത്രമേ ഇന്ത്യയുടെ സ്വപ്നം നിലനില്‍ക്കുകയുള്ളൂ.

ലണ്ടനിലേക്കുള്ള ഇന്ത്യയുടെ ടിക്കറ്റ് ഉറപ്പിക്കാന്‍ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയുടെ അവസാന ഫലം വരെ കാത്തിരിക്കേണ്ടി വരും. എന്നിരുന്നാലും പെര്‍ത്തിലെ ഈ വിജയം ഇന്ത്യക്ക് ശുഭപ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.

 

 

Content Highlight: India WTC final chances after 1st win IN BGT