| Saturday, 11th May 2019, 8:43 pm

മുഹമ്മദലി ജിന്നയെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടുമായിരുന്നില്ല; ബി.ജെ.പി സ്ഥാനാര്‍ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുഹമ്മദലി ജിന്നയപ്പോലെ, അറിവുള്ള ഒരാളെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ പാകിസ്ഥാന്‍ രൂപീകരണം തടയാമായിരുന്നെന്ന് മധ്യപ്രദേശിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഗുമന്‍ സിങ് ദാമോര്‍. ഇന്ത്യ വിഭജിക്കപ്പെട്ടതിന്റെ ഉത്തരവാദി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്നും മധ്യപ്രദേശിലെ രത്‌ലം-ജാബുവ പാര്‍ലമെന്ററി സീറ്റില്‍ നിന്നും ജനവിധി തേടുന്ന ദമോര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ജവഹര്‍ലാല്‍ നെഹ്‌റു വാശി പിടിച്ചില്ലായിരുന്നെങ്കില്‍ ഈ രാജ്യം രണ്ടു കഷണങ്ങളായി വിഭജിക്കപ്പെടുമായിരുന്നില്ല. മുഹമ്മദലി ജിന്ന വിവരമുള്ള ഒരു വ്യക്തിയായിരുന്നു, അദ്ദേഹം ഒരു അഭിഭാഷകന്‍ കൂടിയായിരുന്നു. മുഹമ്മദലി ജിന്നയെ പ്രധാനമന്ത്രിയാക്കാമെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ഈ രാജ്യം വിഭിജിക്കപ്പെടുമായിരുന്നില്ല. ഈ രാജ്യം വിഭജിക്കപ്പെടാന്‍ ആരെങ്കിലും കാരണമായിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണ്’- ദാമോര്‍ പറഞ്ഞു.

2014ലെ തെരഞ്ഞെടുപ്പില്‍ രത്‌ലം-ജാബുവ സീറ്റില്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിനായിരുന്നു ബി.ജെ.പി വിജയിച്ചത്. എന്നാല്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ദിലീപ് സിങ് ഭുരിയ മരിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ നാണം കെട്ട തോല്‍വിയായിരുന്നു ബി.ജെ.പിയെ കാത്തിരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കാണ്ടിലാല്‍ ഭൂരിയ ബി.ജെ.പിയെ ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.

ദേശീയതാ വാദത്തിലൂന്നി രാഷ്ട്രീയം പറയുന്ന ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ് ദാമോറിന്റെ പ്രസ്താവനയിലൂടെ പുറത്തു വന്നതെന്ന് വ്യാപക വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍  ഉയരുന്നത്.

‘സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെന്ന നാടകത്തിന് ശേഷം ബി.ജെ.പി, ജിന്നയായിരുന്നു ആദ്യത്തെ പ്രധാനമന്ത്രിയെങ്കില്‍ എന്ന നാടകത്തിലേക്ക് കടന്നിരിക്കുകയാണ്’- എന്നായിരുന്നു ട്വിറ്ററില്‍ ബി.ജെ.പിക്കെതിരെ വന്ന ഒരു പ്രതികരണം.

തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19നാണ് രത്‌ലം-ജാബുവ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 23ന് പുറത്തു വരും.

We use cookies to give you the best possible experience. Learn more