ക്രൈസ്റ്റ് ചര്‍ച്ചില്‍ സംഭവിച്ചത് പോലൊരു വെടിവെപ്പ് ഇന്ത്യയിലായിരുന്നെങ്കില്‍ നമ്മുടെ നേതാക്കള്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തെ രഹസ്യമായി പിന്തുണച്ചേനെ; മെഹ്ബൂബ മുഫ്തി
national news
ക്രൈസ്റ്റ് ചര്‍ച്ചില്‍ സംഭവിച്ചത് പോലൊരു വെടിവെപ്പ് ഇന്ത്യയിലായിരുന്നെങ്കില്‍ നമ്മുടെ നേതാക്കള്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തെ രഹസ്യമായി പിന്തുണച്ചേനെ; മെഹ്ബൂബ മുഫ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 8:02 pm

ശ്രീനഗര്‍: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ് ലിം പള്ളിക്കു നേരെയുണ്ടായ വെടിവെപ്പിനെക്കുറിച്ച് പ്രതികരിക്കാനോ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താനോ തയ്യാറാവാത്ത ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിച്ച് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. ഇത്തരം ഒരു ആക്രമണം ഇന്ത്യയില്‍ സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം അതിനെ രാഷ്ട്രീയവത്കരിക്കുകയും, മുസ്‌ലിംങ്ങളെ അക്രമിച്ചവരെ രഹസ്യമായി പിന്തുച്ചേക്കുമായിരുന്നെന്നും മുഫ്തി തന്റെ ട്വീറ്റില്‍ പറയുന്നു.

സംഭവത്തില്‍ നേരിട്ട് പ്രതികരിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചു കൊണ്ടായിരുന്നു മുഫ്തിയുടെ ആദ്യത്തെ ട്വീറ്റ്. രാജ്യത്ത് തീവ്രവാദത്തിന് സ്ഥാനമില്ലെന്നും, മതങ്ങള്‍ക്കതീതമായി ന്യൂസിലാന്‍ഡ് അഭയാര്‍ത്ഥികളുടെയും നാടാണെന്നും പ്രധാനമന്ത്രി പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു മുഫ്തിയുടെ ട്വീറ്റ്.

ഇതിന് പിന്നാലെ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം ഇത്തരം ഒരു സംഭവത്തില്‍ വ്യത്യസ്തമായ നിലപാടായിരിക്കും എടുത്തേക്കുക എന്നും മുഫ്തിയുടെ അടുത്ത ട്വീറ്റില്‍ പറഞ്ഞു. “നമുക്ക് എല്ലാവര്‍ക്കും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഇത് ഇന്ത്യയിലായിരുന്നു സംഭവിച്ചതെങ്കില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം അതിനെ രാഷ്ട്രീയവത്കരിക്കുകും, യുദ്ധഭീതി മുഴക്കുകയും, മുസ്‌ലിംങ്ങള്‍ക്കെതിരായ ആക്രമണത്തെ രഹസ്യമായി പിന്തുണക്കുകയും ചെയ്യുമായിരുന്നു”- മുഫ്തി തന്റെ മറ്റൊരു ട്വീറ്റില്‍ പറയുന്നു.

പിന്നീട് പ്രധാനമന്ത്രിയോ, കോണ്‍ഗ്രസോ ന്യൂസിലാന്‍ഡില്‍ നടന്ന ഭീകരാക്രമണത്തില്‍ അപലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുഫ്തി വീണ്ടും രംഗത്തെത്തി. “പ്രധാനമന്ത്രിയോ, കോണ്‍ഗ്രസോ ന്യൂസിലാന്‍ഡിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇത് വരെ ഒന്നും പറയാത്തത് ദുരൂഹമാണ്. തീവ്രവാദത്തിന് മതം ഇല്ലെന്ന് പറയുമ്പോഴും അതിനെ ഇസ്‌ലാമുമായി ബന്ധപ്പെടുത്തുന്നത് എളുപ്പവും സുഖകരമാവുകയും ചെയ്യുകയാണ്. നിരുത്തവാദിത്തപരമായ ഈ മൗനം മുസ്‌ലിംങ്ങള്‍ക്ക് നേരെ ആയതിനാലാണോ”- മുഫ്തി ചോദിക്കുന്നു.

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലിം പള്ളികളില്‍ ഇന്നുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടെന്ന് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ ഭീകരവാദികളാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞിരുന്നു.

Also Read ന്യൂസിലാന്‍ഡ് വെടിവെയ്പ്: 40 പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍; ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ തീവ്രവാദികള്‍; ലക്ഷ്യം വെച്ചത് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും

കൊല്ലപ്പെട്ടവരില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ഉണ്ടെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞു. ന്യൂസിലാന്റിനെ വീടായി തെരഞ്ഞെടുത്തവരാണ് ഇവരെന്നും ന്യൂസിലാന്‍ഡ് കുടിയേറി വന്നവരുടെ വീട് തന്നെയാണെന്നും ജെസിന്‍ഡ പറഞ്ഞു.

അക്രമികള്‍ക്ക് ന്യൂസിലാന്‍ഡില്‍ സ്ഥാനമില്ലെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. ന്യൂസിലാന്‍ഡ് ജനസംഖ്യയില്‍ ഒരു ശതമാനമാണ് മുസ്ലിംങ്ങളുള്ളത്.

സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലായിരുന്നു ആദ്യം വെടിവെയ്പുണ്ടായത്. ഹെല്‍മെറ്റും കറുത്ത വസ്ത്രവുമണിഞ്ഞ് പള്ളിയില്‍ കയറിയ അക്രമി ആദ്യം പുരുഷന്‍മാര്‍ ഇരിക്കുന്ന ഭാഗത്തും പിന്നെ സ്ത്രീകള്‍ക്ക് നേരെയും മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

സൗത്ത് ഐസ്ലാന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയിലാണ് രണ്ടാമത്തെ അക്രമമുണ്ടായത്.

വെള്ളിയാഴ്ച ആയതിനാല്‍ രണ്ട് പള്ളികളിലും ആളുകളുണ്ടായിരുന്നു. അല്‍നൂര്‍ പള്ളിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തുന്നതിന് മുമ്പായിരുന്നു അക്രമമുണ്ടായത്. താരങ്ങളെല്ലാം സുരക്ഷിതരാണ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ നാളെ ന്യൂസിലാന്‍ഡിനെതിരായി ടെസ്റ്റ് മത്സരം കളിക്കുന്നതിനായാണ് ബംഗ്ലാദേശ് ടീം നഗരത്തിലെത്തിയിരുന്നത്.

അക്രമികളിലൊരാള്‍ വെടിവെയ്പിന്റെ ദൃശ്യം ഫേസ്ബുക്കില്‍ ലൈവ് കൊടുത്തിരുന്നു. ഫേസ്ബുക്ക് ഇത് റിമൂവ് ചെയ്തിട്ടുണ്ട്.