'കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ' ശിക്ഷണത്തില്‍ ഇന്ത്യയുടെ കൗമാര നിരയ്ക്ക് കിരീടം; സാഫില്‍ മുത്തമിട്ട് 'ബ്ലൂ ടൈഗര്‍ ജൂനിയേഴ്‌സ്'
സാഫ് കപ്പ് അണ്ടർ 16 ടൂർണമെന്റിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചുകൊണ്ട് ഇന്ത്യ കിരീടം സ്വന്തമാക്കി. ഫൈനലിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യ വീഴ്ത്തിയത്.
ഭൂട്ടാനിലെ തിംഫുവിലെ ചംഗ്ലിമിതാങ് സ്റ്റേഡിയത്തിലായിരുന്നു ആവേശകരമായ മത്സരം നടന്നത്. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ഭരത് ലയ്റെൻജാമും 74-ാം മിനിറ്റിൽ ലെവിസ് സാങ്മിൻലുണ്ണും ഇന്ത്യക്കുവേണ്ടി ഗോളുകൾ നേടി. മത്സരത്തിൽ എതിരാളികൾക്ക് മേൽ സമ്പൂർണ്ണ ആധിപത്യമാണ് ഇന്ത്യൻ ടീം കാഴ്ചവെച്ചത്. മത്സരത്തിന്റെ അവസാനഘട്ടത്തിൽ ബംഗ്ലാദേശ് ശക്തമായ അക്രമണങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം കുലുങ്ങാതെ പിടിച്ചുനിൽക്കുകയായിരുന്നു.
അഞ്ചാം തവണയാണ് ഇന്ത്യ അണ്ടർ 16 സാഫ് കിരീടം സ്വന്തമാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ സാഫ് കപ്പ് കിരീടം ഉയർത്തിയത്. ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാതെ 12 ഗോളുകളാണ് ഇന്ത്യ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്.
ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഇന്ത്യ എല്ലാ കളിയും വിജയിച്ചുകൊണ്ടാണ് കിരീടം സ്വന്തമാക്കിയത്. നേരത്തെ ബംഗ്ലാദേശിനെ ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ തോൽപ്പിച്ചിരുന്നു. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചുകൊണ്ട് സെമിയിലെത്തിയ ഇന്ത്യ മാലദ്വീപിനെ എട്ട് ഗോളുകൾക്ക് തകർത്തുകൊണ്ടാണ് ഫൈനലിൽ പ്രവേശിച്ചത്. ടൂർണമെന്റിൽ ഇന്ത്യക്കായി മൂന്ന് ഗോളുകൾ നേടിയ മുഹമ്മദ് അർബാഷാണ് ടോപ്‌സ്‌കോറർ.
ഇന്ത്യൻ സീനിയർ ടീമും ഈ വർഷം സാഫ് കപ്പ് നേടിയിരുന്നു.
Story Highlight: India under-16 SAFF cup 2023 champions