ഇംഗ്ലണ്ട് വിറക്കുന്നു; ഒരേയൊരു ഇന്ത്യ ഒരേയൊരു ക്യാപ്റ്റന്‍
Sports News
ഇംഗ്ലണ്ട് വിറക്കുന്നു; ഒരേയൊരു ഇന്ത്യ ഒരേയൊരു ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th February 2024, 8:13 am

ഇംഗ്ലണ്ടിനെതിരെ രാജ്‌ക്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 445 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 319 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 430 റണ്‍സ് നേടിയ ഇന്ത്യ 557 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനു മുന്നില്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ മൂന്നാം ടെസ്റ്റിലും ആധിപത്യം ഉറപ്പിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ 122 റണ്‍സിന് ഓള്‍ ഔട്ട് ആക്കുകയായിരുന്നു.

രോഹിത് ശര്‍മയുടെ മികച്ച ക്യാപ്റ്റന്‍സിയും ഏറെ പ്രശംസ നേടുകയാണ് ഇപ്പോള്‍. ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ശ്രീലങ്കക്കെതിരെ നടന്ന രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സ്വന്തമാക്കിയപ്പോള്‍ ഓസ്‌ട്രേലിയയെ 2-1 എന്ന നിലയില്‍ രോഹിത്തിന് പരാജയപ്പെടുത്താന്‍ സാധിച്ചു. പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏക ടെസ്റ്റിലും വിജയം ഉറപ്പിച്ചതോടെ സൗത്ത് ആഫ്രിക്കയുമായി 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിയേണ്ടി വന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെ 2 മത്സരങ്ങള്‍ ജയിച്ച് മുന്നിലാണ് ഇന്ത്യ.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ രോഹിത് ശര്‍മയുടെ 131 റണ്‍സിന്റെയും രവീന്ദ്ര ജഡേജയുടെ 112 റണ്‍സിന്റെയും ബലത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസ് ബൗളര്‍ മാര്‍ക്ക് വുഡ് ആണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്. തുടര്‍ ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റിന് മാത്രമാണ് ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചത്. 153 റണ്‍സാണ് താരം അടിച്ചെടുത്തത്.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയിലാണ് ടീം പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 236 പന്തില്‍ നിന്ന് 214 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 12 സിക്‌സറുകളും 14 ബൗണ്ടറിയുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ജയ്‌സ്വാളിന് പുറമേ ശുഭ്മന്‍ ഗില്‍ 91 റണ്‍സും സര്‍ഫറാസ് ഖാന്‍ 68 റണ്‍സും നേടിയിരുന്നു.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിനെ പിഴുതെറിഞ്ഞത്. 12.4 ഓവര്‍ എറിഞ്ഞ ജഡേജ രണ്ട് മെയ്ഡന്‍ അടക്കം 12 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവിന് രണ്ടു വിക്കറ്റുകളും സ്വന്തമാക്കാന്‍ സാധിച്ചു.

ഇതോടെ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരത്തില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് മുന്നില്‍. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്‌സിലാണ് നടക്കുക.

 

Content Highlight: India Won The Third Test Against England