ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ടെസ്റ്റ് പരമ്പര സമനിലയിലായതിന്റെ എല്ലാ വിഷമവും ഇന്ത്യന്‍ ടീം മാറ്റിയെടുക്കുന്നത് ഇപ്പോള്‍ നടക്കുന്ന ലിമിറ്റഡ് ഓവര്‍ മത്സരങ്ങളിലാണ്.
ആദ്യം നടക്കുന്ന ടി-20 പരമ്പര അനായാസം നേടിയാണ് ഇന്ത്യ കരുത്ത് കാട്ടിയത്. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന ടി-20 മത്സരവും ആധികാരികമായി ജയിച്ചതോടെയായിരുന്നു ഇന്ത്യയുടെ പരമ്പര വിജയം.
റോസ് ബൗളില്‍ നടന്ന ആദ്യ മത്സരം 50 റണ്‍സിനാണ് ജയിച്ചതെങ്കില്‍ ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ 49 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം, അക്ഷരാര്‍ത്ഥത്തില്‍ ലാന്‍ഡ് സ്ലൈഡ് വിക്ടറി.
കഴിഞ്ഞ ദിവസം ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിന്റെ കണക്കുകൂട്ടല്‍ ഒന്നടങ്കം തെറ്റുകയായിരുന്നു. ഓപ്പണര്‍മാരായി ഇറങ്ങിയ രോഹിത് ശര്‍മയും റിഷബ് പന്തും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.
ആദ്യ വിക്കറ്റില്‍ ഇവര്‍ പടുത്തുയര്‍ത്തിയ 49 റണ്‍സിന്റെ പാര്‍ട്‌നര്‍ഷിപ്പായിരുന്നു ഇന്ത്യന്‍ സ്‌കോറിങ്ങിന് ആധാരമായത്. അഞ്ചാം ഓവറില്‍ രോഹിത് ശര്‍മയെ പുറത്താക്കി റിച്ചാര്‍ഡ് ഗ്ലീസനാണ് ആ കൂട്ടുകെട്ട് പൊളിച്ചത്.
വണ്‍ഡൗണായെത്തിയ വിരാട് കോഹ്‌ലി എന്നത്തേയും പോലെ ഒരു ഓളവുമുണ്ടാക്കാതെയും അധികം പന്തുകള്‍ വെറുതെ കളയാതെയും പെട്ടെന്ന് തന്നെ കൂടാരം കയറി. മൂന്ന് പന്തില്‍ നേടിയ ഒറ്റ റണ്‍ മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. തൊട്ടടുത്ത പന്തില്‍ റിഷബ് പന്തും വീണു. ഗ്ലീസണ്‍ തന്നെയായിരുന്നു ഇരുവരെയും മടക്കിയത്.
പിന്നീട് ഇവര്‍ക്ക് ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയുടെ ചെറിയ തോതിലുള്ള ചെറുത്തുനില്‍പ് നടത്തിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ വെടിക്കെട്ട് നടത്തിയത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു. 29 പന്തില്‍ നിന്നും 46 റണ്‍സുമായി ജഡ്ഡു മധ്യനിരയില്‍ നിറഞ്ഞാടിയപ്പോള്‍ ഇന്ത്യന്‍ സ്‌കോറിങ്ങ് വേഗത്തിലായി.
ഒടുവില്‍ 20 ഓവറില്‍ എട്ടിന് 170 എന്ന മാന്യമായ സ്‌കോര്‍ ഇന്ത്യ പടുത്തുയര്‍ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യ പന്തില്‍ തന്നെ ഞെട്ടിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. ഓപ്പണര്‍ ജേസണ്‍ റോയ്‌യെ ഗോള്‍ഡന്‍ ഡക്കാക്കി ഭുവനേശ്വര്‍ കുമാറായിരുന്നു കമ്പക്കെട്ടിന് തിരികൊളുത്തിയത്. തന്റെ അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനെയും ഭുവി മടക്കിയതോടെ ഇംഗ്ലണ്ട് അപകടം മണത്തു.
പിന്നാലെയെത്തിയ ഡേവിഡ് മലനും ലിയാം ലിവിങ്സ്റ്റണും ചെറിയൊരു കടന്നാക്രമണത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
അഞ്ചാമനായി ക്രീസിലെത്തിയ മോയിന്‍ അലി ഒരിക്കല്‍ക്കൂടി തന്റെ ക്ലാസ് പ്രകടനം ആവര്‍ത്തിച്ചു. കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ മോയിന്‍ അലി അടിച്ചുകയറിയപ്പോള്‍ രക്ഷകനായി അവതരിച്ചത് ഹര്‍ദിക് പാണ്ഡ്യയായിരുന്നു.
അലിയെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിക്കുമ്പോള്‍ ഇംഗ്ലീഷ് സ്‌കോര്‍ 94ന് ഏഴ് എന്ന നിലയിലായിരുന്നു. തൊട്ടടുത്ത പന്തില്‍ തന്നെ അടുത്ത വിക്കറ്റും വീണതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി.
എട്ടാമനായി ഇറങ്ങിയ ഡേവിഡ് വില്ലി ചെറിയ തോതിലുള്ള ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും മറുതലയ്ക്കലുള്ളവരെ ഉന്നം വെച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് 121ന് ഓള്‍ ഔട്ടാവുകയായിരുന്നു. 22 പന്തില്‍ നിന്നും 33 റണ്‍സുമായി വില്ലി പുറത്താവാതെ നിന്നു.
മൂന്ന് ഓവറില്‍ ഒരു മെയ്ഡനടക്കം 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറായിരുന്നു ഇന്ത്യന്‍ ബൗളിങ്ങിനെ മുന്നില്‍ നിന്നും നയിച്ചത്. ജസ്പ്രീത് ബുംറയും യൂസ്വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഹര്‍ദിക്കും ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാറായാരുന്നു മാന്‍ ഓഫ് ദി മാച്ച്.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ സീരീസിലെ രണ്ട് കളിയും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.
ഞായറാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. ട്രെന്റ് ബ്രിഡ്ജാണ് വേദി.
Content highlight: India won the series by beating England in the second T20I