ഏഷ്യാ കപ്പ് കബഡിയില്‍ ഇന്ത്യ കിരീടം നേടിയത് ആധികാരിക പ്രകടനത്തോടെ. ടൂര്‍ണമെന്റില്‍ കളിച്ച ഏഴ് മത്സരങ്ങളിലും വലിയ ആധിപത്യം പുല്‍ത്താന്‍ ടീം ഇന്ത്യക്കായി. സൗത്ത് കൊറിയയിലെ ബുസാനില്‍ നടന്ന ഫൈനലില്‍ 32-നെതിരെ 42 പോയിന്റിനാണ് ഇന്ത്യ ഇറാനെ തോല്‍പ്പിച്ചത്. ഫൈനലില്‍ സൂപ്പര്‍ 10 നേടി നായകന്‍ പവന്‍ സെഹ്രാവത്ത് കളിയിലെ താരമായി.
റൗണ്ട് റോബിന്‍ രീതിയില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ ഇറാനെ പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തിയ ആദ്യ രണ്ട് സ്ഥാനക്കാരായിരുന്നു ഫൈനലില്‍ എത്തിയത്. ഫൈനലില്‍ മത്സരത്തിന്റെ ആദ്യ അഞ്ച് മിനിറ്റില്‍ ഇറാന്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും പിന്നാലെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ആദ്യ പകുതിയില്‍ 23-11 എന്ന സ്‌കോറിനായിരുന്നു ഇന്ത്യ മുന്നില്‍ നിന്നത്.
ഇന്ത്യയേയും ഇറാനേയും കൂടാതെ സൗത്ത് കൊറിയ, ചൈനീസ് തായ്പേയ്, ജപ്പാന്‍, ഹോങ് കോങ് എന്നീ ആറ് ടീമുകളാണ് ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നത്.
സൗത്ത് കൊറിയക്കെതിരായ ആദ്യ മത്സരത്തില്‍ 13-നെതിരെ 76 പോയിന്റിനായിരുന്നു ഇന്ത്യന്‍ വിജയം. ജപ്പാനെ 17-നെതിരെ 62 പോയിന്റിനും ഹോങ് കോങ്ങിനെ 20-നെതിരെ 64 പോയിന്റിനും ഇന്ത്യ പരാജയപ്പെടുത്തി. ഏഷ്യാകപ്പിലെ ഒമ്പത് എഡിഷനുകളില്‍ നിന്ന് ഇന്ത്യയുടെ എട്ടാം കിരീടമാണിത്.
Content Highlight: India won the Asia Cup Kabaddi title with an authentic performance