| Thursday, 28th January 2021, 8:08 am

കര്‍ഷകര്‍ ദേശീയ പതാകയെ അപമാനിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ കേന്ദ്രത്തിന്റെ ശ്രമം; പ്രതികാര നടപടി തുടര്‍ന്ന് പൊലീസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയപതാകയെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് ശേഷം ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കുന്നത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്രം പറഞ്ഞു.

സംഭവത്തിന് പ്രേരിപ്പിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകും. ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണത്തെ അപമാനിച്ച രീതി ഇന്ത്യ അംഗീകരിക്കില്ല, ”കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു,

ചെങ്കോട്ടയ്ക്കുള്ളില്‍ കയറിയ പ്രതിഷേധക്കാര്‍ സിഖ് മത പതാക കൊടിമരത്തില്‍ ഉയര്‍ത്തിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ കര്‍ഷകര്‍ ആരും അത്തരത്തിലുള്ള പ്രവൃത്തി നടത്തിയിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയതാണ്. പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആള്‍ക്കാരാണ് ചെങ്കോട്ടയിലേക്ക് കടന്നതെന്നും പതാക ഉയര്‍ത്തിയതെന്നും പറഞ്ഞ കര്‍ഷകര്‍ ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നും പറഞ്ഞു.

റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിനിടെ ദല്‍ഹിയിലും ചെങ്കോട്ടയിലും ഐ.ടി.ഒ.യിലും ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് ദല്‍ഹി പൊലീസ് കേസെടുത്തത്. ബല്‍ബിര്‍ സിങ്ങ് രാജ്വല്‍, ദര്‍ശന്‍ പാല്‍, രാജേന്ദ്രര്‍ സിങ്ങ്, ഭൂട്ടാ സിങ്, ജോഗീന്ദ്രര്‍ സിങ്ങ് എന്നീ നേതാക്കളെയും പ്രതിചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകനെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കര്‍ഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയ ഉത്തരാഖണ്ഡ് സ്വദേശിയായ കര്‍ഷകന്‍ മരിച്ചത്. പൊലീസ് വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നാണ് പൊലീസ് വാദം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: India Won’t Tolerate Insult Of National Flag At Red Fort,” Says Centre

We use cookies to give you the best possible experience. Learn more