കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. റെക്കോഡുകളുടെ പൂരം കണ്ട മത്സരത്തില്‍ 168 റണ്ണിനാണ് നീലപ്പട നാലാം ഏകദിനം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 4-0 ത്തിന് മുന്നിലാണ്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെയും നായകന്‍ കോഹ്‌ലിയുടെയും സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 375 എന്ന പടുകൂറ്റന്‍ ടോട്ടലാണ് ലങ്കയ്ക്കു മുന്നില്‍ വെച്ചത്. കൂറ്റന്‍ ലക്ഷ്യം
പിന്തുടര്‍ന്ന ലങ്ക 42.4 ഓവറില്‍ 207 റണ്ണിന് എല്ലാവരും ഔട്ടായി.
തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാനെ(4) നഷ്ടപ്പെട്ട ശേഷം 168 പന്തില്‍ 219 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി രോഹിതും വിരാടും ഇന്ത്യയ്ക്ക് മികച്ച അടിത്തറ പാകി. ആറാം വിക്കറ്റില്‍ ചേര്‍ന്ന ധോണി(49*) മനീഷ് പാണ്ഡെ(50*) എന്നിവരുടെ മികച്ച ബാറ്റിംഗ് ഇന്ത്യയെ 350 കടത്തി.
ലങ്കയ്ക്കു വേണ്ടി ഏഞ്ചലോ മാത്യൂസ് 70 റണ്‍സെടുത്തു. വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ത്യയ്ക്കായി ഷാര്‍ദൂല്‍ ഠാക്കൂര്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യമത്സരത്തില്‍ ഠാക്കൂര്‍ ഒരു വിക്കറ്റ് നേടുകയും ചെയ്തു.
തരംഗയുടെ അഭാവത്തില്‍ ടീമിനെ നയിച്ച മലിംഗയാണ് ലങ്കന്‍ ബൗളര്‍മാരില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയത്. കോഹ്‌ലിയെ പുറത്താക്കിയ മലിംഗ ഏകദിനത്തില്‍ 300 വിക്കറ്റ് തികച്ചു.
300-ാം ഏകദിനത്തിനറങ്ങിയ ധോണി പുറത്താകാതിരുന്നതോടെ ഏറ്റവും കൂടുതല്‍ തവണ നോട്ടൗട്ടെന്ന റെക്കോര്‍ഡും മുന്‍ നായകനെ തേടിയെത്തി. കോഹ്‌ലി 131 റണ്ണും രോഹിത് 104 റണ്ണുമെടുത്തു.
അതേ സമയം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ കോഹ്‌ലി ജയസൂര്യയെ മറികടന്നു. ഇനി സച്ചിനും പോംണ്ടിംഗുമാണ് കോഹ്‌ലിയ്ക്ക മുന്നിലുള്ളത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരവും കോഹ്‌ലിയാണ്.