ആദ്യ മത്സരത്തില്‍ തന്നെ ബംഗ്ലാദേശ് തകിടുപൊടി; ആറാമത്തെ ലോകകപ്പിനായി ഇന്ത്യന്‍ യുവ നിര
Sports News
ആദ്യ മത്സരത്തില്‍ തന്നെ ബംഗ്ലാദേശ് തകിടുപൊടി; ആറാമത്തെ ലോകകപ്പിനായി ഇന്ത്യന്‍ യുവ നിര
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th January 2024, 10:31 pm

2024 ഐ.സി.സി U19 ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 84 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മാന്‍ഗൗണ്‍ങ് ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് ആണ് ഇന്ത്യ നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 45.5 ഓവറില്‍ 167 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇന്ത്യക്കുവേണ്ടി ആദര്‍ശ് സിങ് 96 പന്തില്‍ നിന്നും 76 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 6 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ഉദയ് സഹരന്‍ 94 പന്തില്‍ നിന്നും നാല് ബൗണ്ടറികള്‍ അടക്കം 64 റണ്‍സും നേടിയിരുന്നു. ഇരുവരുടെയും മിന്നും പ്രകടനത്തിലാണ് ഇന്ത്യന്‍ യുവനിര സ്‌കോര്‍ ഉയര്‍ത്തിയത്. ഇരുവര്‍ക്കും പുറമേ പ്രിയനുഷ് മോളിയാ 23 (42), ആരവല്ലി അവനിഷ് റാവു 23 (17), സച്ചിന്‍ ദാസ് 26 (26) റണ്‍സും നേടി ടീമിന് നിര്‍ണായകമായി.

മറുഫ് മൃതയുടെ തകര്‍പ്പന്‍ ബൗളിങ്ങില്‍ ആണ് ഇന്ത്യന്‍ നിര തളര്‍ന്നത്. എട്ട് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 43 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ ആണ് താരം നേടിയത്. ആദ്യ മത്സരത്തില്‍ നിന്നും ഫൈഫര്‍ സ്വന്തമാക്കി ബംഗ്ലാദേശിന്റെ മാനം കാക്കാന്‍ താരത്തിന് കഴിഞ്ഞു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് ശിഹാബ് ജെയിംസിന് മാത്രമാണ് അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചത്. 77 പന്തില്‍ നിന്നും 54 റണ്‍സ് ആണ് താരം നേടിയത്. ഏഴ് ബൗണ്ടറികള്‍ ആയിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ആരിഫുള്‍ ഇസ്ലാം 71 പന്തില്‍ നിന്നും 41 റണ്‍സുമായി പിടിച്ചുനിന്നെങ്കിലും കാര്യമുണ്ടായില്ല. പറവസ് റഹ്‌മാന്‍ 15 റണ്‍സും നേടിയിരുന്നു.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ സൗമ്യ കുമാര്‍ പാണ്ഡെയുടെ മികച്ച പ്രകടനം. 9.5 ഓവറില്‍ ഒരു മെയ്ഡ് അടക്കം 24 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മുഷീര്‍ ഖാന്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ അടുത്ത മത്സരം ജനുവരി 25ന് അയര്‍ലന്‍ഡിനോടാണ്.

 

Content Highlight: India Won First U19 Match Against Bangladesh