| Monday, 18th September 2017, 7:49 am

'ലങ്കാദഹനം കഴിഞ്ഞു കങ്കാരു വേട്ട തുടങ്ങി'; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ശ്രീലങ്കയിലെ സമ്പൂര്‍ണ്ണ വിജയത്തിനു ശേഷം നാട്ടിലെത്തിയ കോഹ്‌ലിപ്പട ആദ്യ ഏകദിനത്തില്‍ ഓസട്രേലിയയെയും മുട്ടുകുത്തിച്ചു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 26 റണ്‍സിനാണ് ഇന്ത്യന്‍ ജയം.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. മഴമൂലം 21 ഓവറില്‍ 164 റണ്‍സാക്കി പുനര്‍നിശ്ചയിച്ച ലക്ഷ്യത്തിലേയ്ക്ക് ബാറ്റേന്തിയ ഓസീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി ചാഹല്‍ മൂന്നു വിക്കറ്റ് നേടിയപ്പോള്‍ പാണ്ഡ്യയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 39 റണ്‍സെടുത്ത മാക്‌സ്‌വെല്ലാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍.


Also Read: ‘അടിത്തറ ഇളകും’; മഹാരാഷ്ട്ര പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ നഷ്ടമാകുമെന്ന് സര്‍വേ


നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് ഹാര്‍ദിക് പാണ്ഡ്യയുടെയും ധോണിയുടെയും അവസരോചിത ബാറ്റിംഗാണ്. അഞ്ചു വിക്കറ്റിന് 87 റണ്‍സെന്ന നിലയില്‍ നിന്ന് പാണ്ഡ്യയും ധോണിയും ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് 118 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

അഞ്ചു ഫോറും അഞ്ചു സിക്‌സുമടിച്ച പാണ്ഡ്യ ആക്രമിച്ച് കളിച്ചപ്പോള്‍ ധോണി വീണ്ടും പരിചയസമ്പത്ത് തെളിയിക്കുന്ന പ്രകടനത്തിലൂടെ ടീമില്‍ തന്റെ സ്ഥാനം ചോദ്യം ചെയ്യുന്നവര്‍ക്കുള്ള മറുപടി കൊടുത്തു. അവസാന ഒാവറുകളില്‍ ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ച് 72 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കിയ ധോണി ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ നല്‍കി. പാണ്ഡ്യ 66 പന്തില്‍ 83 റണ്‍സും ധോണി 88 പന്തില്‍ 79 റണ്‍സും ഭുവനേശ്വര്‍ 32 റണ്‍സെടുത്തു.

We use cookies to give you the best possible experience. Learn more