| Saturday, 12th October 2024, 10:50 pm

ബംഗ്ലാദേശിന്റെ അടിവേരിളക്കി ഇന്ത്യ പരമ്പര തൂത്തുവാരി

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 134 റണ്‍സിന്റെ കൂറ്റന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 20 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍മാര്‍ അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാ കടുവകള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഓപ്പണര്‍ സഞ്ജു സാംസണിന്റെ ഐതിഹാസികമായ സെഞ്ച്വറി നേട്ടമാണ് ഇന്ത്യയെ ഭീമന്‍ സ്‌കോറില്‍ എത്തിച്ചത്.

മത്സരത്തില്‍ രണ്ടാം ഓവറിനായി എത്തിയ ബംഗ്ലാദേശ് ബൗളര്‍ തസ്‌കിന്‍ അഹമ്മദിന്റെ അവസാന നാല് പന്തില്‍ തലങ്ങും വിലങ്ങും തുടര്‍ച്ചയായി ഫോര്‍ അടിച്ചാണ് സഞ്ജു തുടങ്ങിയത്. പിന്നീട് റാഷിദ് ഹൊസൈന്റെ ഓവറില്‍ അഞ്ച് സിക്‌സര്‍ തുടര്‍ച്ചയായി അടിച്ച് അമ്പരപ്പിക്കുകയായിരുന്നു സഞ്ജു. 47 പന്തില്‍ നിന്ന് 11 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. 40ാം പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി നേടുന്നത്. ശേഷം മുഫ്തഫിസൂറിന്റെ പന്തില്‍ പുറത്താകുകയായിരുന്നു താരം.

മത്സരത്തിലെ മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ നാല് റണ്‍സിന് തന്‍സിം ഹസന്റെ ഇരയായപ്പോള്‍ ശേഷം ഇറങ്ങിയ സൂര്യയും ഇടിവെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. നിലവില്‍ 35 പന്തില്‍ 5 സിക്‌സും 8 ഫോറും ഉള്‍പ്പെടെ 75 റണ്‍സ് നേടിയാണ് സൂര്യ മടങ്ങിയത്.

തുടര്‍ന്ന് റിയാന്‍ പരാഗ് 13 പന്തില്‍ നാല് സിക്‌സും ഒരു ഫോറും അടക്കം 34 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 18 പന്തില്‍ നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 47 റണ്‍സും അടിച്ച് താണ്ഡവമാടിയാണ് മടങ്ങിയത്. ബിഗ് ബിറ്റിന് ശ്രമിച്ച നിതീഷ് കുമാര്‍ ക്യാച്ചില്‍ കുരുങ്ങി പുറത്തായപ്പോള്‍ റിങ്കു സിങ് ലാസ്റ്റ് ബോളില്‍ സിക്‌സര്‍ അടിച്ച് ഫിനിഷ് ചെയ്യുകയായിരുന്നു.

ബംഗ്ലാദേശിന് വേണ്ടി തന്‍സിം ഹസന്‍ സാക്കിബ് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ തസ്‌കിന്‍ അഹമ്മദ്, മുഷ്ഫിഖര്‍ റഹ്‌മാന്‍, മുഹമ്മദുള്ള എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി തൗഹിദ് ഹൃദ്യോയി 63 റണ്‍സ് നേടിയിരുന്നു.

ഓപ്പണര്‍ പാര്‍വെസ് ഹൊസൈന്‍ ഇമോണ്‍ പൂജ്യം റണ്‍സിന് മടങ്ങിയപ്പോള്‍ തന്‍സിദ് ഹസന്‍ 15 റണ്‍സിനും ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 14 റണ്‍സിനും കൂടാരം കയറി. മികവ് പുലര്‍ത്തിയ ലിട്ടണ്‍ ദാസ് 42 റണ്‍സിന് പുറത്തായപ്പോള്‍ ടീം വലിയ സമ്മര്‍ദത്തിലാകുകയായിരുന്നു. മുഹമ്മദുള്ള എട്ട് റണ്‍സും മെഹദി ഹസന്‍ മൂന്ന് റണ്‍സുംറാഷിദ് ഹൊസൈന്‍ പൂജ്യം റണ്‍സിനും കൂടാരം കയറി.

ഇന്ത്യയ്ക്ക് വേണ്ടി രവി ബിഷ്‌ണോയി മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ മായങ്ക് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: India Won By 133 Runs Against Bangladesh

Latest Stories

We use cookies to give you the best possible experience. Learn more