ഏഴഴകില്‍ ഇന്ത്യ; ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്
Asia Cup Final
ഏഴഴകില്‍ ഇന്ത്യ; ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th September 2018, 1:26 am

ദുബായ്: ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ബംഗ്ലാദേശിനെ 3വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഏഷ്യാ കപ്പിലെ ഏഴാം കിരീടം സ്വന്തമാക്കിയത്. അതേസമയം മൂന്നാം തവണയും ഫൈനലില്‍ കാലിടറിയ ബംഗ്ലാദേശിന് കിരീടത്തിനായി ഇനിയും കാത്തിരിക്കണം.

തോല്‍വി മണത്ത ഇന്ത്യയെ രവീന്ദ്ര ജഡേജയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ജയത്തിലേക്ക് നയിച്ചത്. അവസാന പന്തിലാണ് ഇന്ത്യ ജയിച്ചത്.

ഏഷ്യാകപ്പിലെ എല്ലാ മത്സരങ്ങളിലും ആധികാരിക പ്രകടനം കാഴ്ചവെച്ച ഇന്ത്യയെ ഫൈനലില്‍ ബംഗ്ലാദേശ് പ്രതിരോധത്തിലാക്കി.

223 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച ഫോമിലുള്ള ശിഖര്‍ ധവാനെ തുടക്കത്തിലെ നഷ്ടമായി. പിന്നാലെയിറങ്ങിയ അമ്പാട്ടി റായിഡുവും പെട്ടെന്ന് പുറത്തായി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രോഹിത് ശര്‍മ്മ-ദിനേഷ് കാര്‍ത്തിക് സഖ്യം ഇന്ത്യന്‍ ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു.

ALSO READ: വിക്കറ്റിന് പിന്നില്‍ റെക്കോഡ് സൃഷ്ടിച്ച് വീണ്ടും ധോണി

എന്നാല്‍ നിലയുറപ്പിച്ച രോഹിത് 48 റണ്‍സില്‍ മടങ്ങിയതോടെ ഇന്ത്യ തോല്‍വി മണത്തു. പിന്നാലെയെത്തിയ ധോണി റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും ക്രീസിലുറച്ച് നിന്നു.

ദിനേഷ് കാര്‍ത്തിക് 37 റണ്‍സും ധോണി 36 റണ്‍സുമെടുത്താണ് പുറത്തായത്. പരിക്കേറ്റ ജാദവ് 19 റണ്‍സുമായി റിട്ടേയര്‍ഡ് ഹര്‍ട്ടായി മടങ്ങി. ജഡേജ 23 റണ്‍സെടുത്തു. ജഡേജ പുറത്തായശേഷം ജാദവ് ബാറ്റിംഗിനിറങ്ങുകയായിരുന്നു.

ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 48.3 ഓവറില്‍ 222 റണ്‍സിന് എല്ലാവരും പുറത്തായി. മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാതിരുന്ന ബംഗ്ലാ കടുവകള്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ കണിശതയാര്‍ന്ന പ്രകടനത്തിന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു.

ALSO READ: ഫുട്‌ബോള്‍ അങ്ങിനെയാണ്; സങ്കടക്കടലിലായാലും പ്രതീക്ഷ നല്‍കും; വീഡിയോ

ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിര അവിശ്വസനീയമാംവിധം തകര്‍ന്നടിഞ്ഞത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 3 വിക്കറ്റും കേദാര്‍ ജാദവ് രണ്ട് വിക്കറ്റും നേടി.

നേരത്തെ സെഞ്ച്വറി നേടിയ ലിതോന്‍ ദാസും 32 റണ്‍സെടുത്ത മെഹ്തി ഹസനും മികച്ച തുടക്കാണ് ബംഗ്ലാദേശിന് നല്‍കിയത്. ലിതോന്‍ ആക്രമിച്ച് കളിച്ചപ്പോള്‍ മെഹ്തി ഹസന്‍ ശ്രദ്ധയോടെയായിരുന്നു ബാറ്റ് ചെയ്തത്. 12 ഫോറും 2 സിക്‌സുമടക്കം 121 റണ്‍സാണ് ലിതോന്‍ അടിച്ചെടുത്തത്.

എന്നാല്‍ മെഹ്തി ഹസന്‍ പുറത്തായതോടെ ബംഗ്ലാദേശിന്റെ തകര്‍ച്ച തുടങ്ങി. മെഹ്തി ഹസന്‍ 59 പന്തില്‍ 32 റണ്‍സെടുത്ത് പുറത്തായി. കേദാര്‍ ജാദവിനായിരുന്നു വിക്കറ്റ്.

പിറകെ വന്നവര്‍ ഒന്നൊന്നായി പവലിയനിലേക്ക് മടങ്ങിയപ്പോഴും ലിതോന്‍ അടിയുറച്ച് നിന്നു. ഫസ്റ്റ് ഡൗണായിറങ്ങിയ ഇമ്രുല്‍ കയീസ് ചാഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

33 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരാണ് ഓപ്പണര്‍മാര്‍ക്ക് പുറമെ ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍.

WATCH THIS VIDEO: