| Saturday, 14th March 2015, 4:01 pm

ആറ് വിക്കറ്റിന് ഇന്ത്യയ്ക്ക് ആറാം ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓക്ലന്‍ഡ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ആറാം ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ സിംബാബ്‌വെയെ തോല്‍പ്പിച്ചത്. സെഞ്ച്വറി നേടിയ റെയ്‌നയാണ് കളിയിലെ മാന്‍ ഓഫ് ദ മാച്ച്. 288 റണ്‍സായിരുന്ന വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറില്‍ മറികടന്നു.

ക്യാപ്റ്റന്‍ ധോണിയുടെ ബാറ്റില്‍ നിന്നാണ് ഇത്തവണയും ഇന്ത്യയുടെ വിജയ റണ്‍ പിറന്നത്. ധോണിയും റെയ്‌നയും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 104 പന്തില്‍ 110 റണ്‍സ് നേടിയ റെയ്‌നയും 76 പന്തില്‍ 85 റണ്‍സ് നേടിയ ധോണിയും പറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായി ഇറങ്ങിയ രോഹിത് ശര്‍മ്മ ശിഖര്‍ ധവാന്‍ എന്നിവര്‍ 16 (21) ഉം 4 (20) റണ്‍സ് നേടി പുറത്തായി. കോഹ്‌ലി 48 പന്തില്‍ 38 റണ്‍സും അജിങ്ക്യ രഹാനെ 24 പന്തില്‍ 19 റണ്‍സും സ്വന്തമാക്കി.

ഇന്ത്യയുടെ മൊഹമ്മദ് ഷാമി, ഉമേഷ് യാദവ്, മോഹിത് ശര്‍മ്മ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും അശ്വിന്‍ ഒരു വിക്കറ്റും നേടി. സിംബാബ്‌വെയ്ക്ക് വേണ്ടി ടിനാഷെ പന്ന്യങ്കര രണ്ട് വിക്കറ്റും സിക്കന്ദര്‍ റാസ ഒരു വിക്കറ്റും വീഴ്ത്തി. 110 പന്തില്‍ 138 റണ്‍സ് നേടിയ ബ്രണ്ടന്‍ ടൈലറാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.

ആറ് കളിയില്‍ ആറും ജയിച്ച ഇന്ത്യയാണ് പൂള്‍ ബിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. നാല് കളികള്‍ വിജയിച്ച സൗത്ത് ആഫ്രിക്ക രണ്ടാം സ്ഥാനത്തും മൂന്ന് കളികളില്‍ വിജയിച്ച പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്.

ബംഗ്ലാദേശാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. മാര്‍ച്ച് 19 ന് ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് മത്സരം.

We use cookies to give you the best possible experience. Learn more