| Saturday, 3rd September 2016, 10:10 pm

ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ പ്യൂര്‍ട്ടോറിക്കക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ലോക റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലുള്ള കോണ്‍കാഫ് ടീമിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. നാരായണന്‍ ദാസ്, സുനില്‍ ഛേത്രി, ജെ.ജെ ലാല്‍പിഗേല, ജാക്കിചാന്‍ സിങ് എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ സ്‌കോറന്മാര്‍. പ്യൂര്‍ട്ടോറിക്കയുടെ ആശ്വാസ ഗോള്‍ സാഞ്ചസാണ് നേടിയത്.

മുംബെയിലെ അന്ദേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ആര്‍ത്തു വിളിക്കുന്ന പതിനായാരങ്ങള്‍ക്ക് നടുവില്‍ തകര്‍പ്പന്‍ കളിയാണ് ഇന്ത്യ പുറത്തെടുത്തത്. കളിയുടെ എല്ലാ മേഖലയിലും എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം നേടിയാണ് ഇന്ത്യ ജയിച്ച് കയറിയത്.

മത്സരത്തില്‍ ഇന്ത്യക്കായിരുന്നു മുന്‍തൂക്കമെങ്കിലും ആദ്യ ഗോള്‍ നേടിയത് പ്യൂട്ടോറിക്കയായിരുന്നു. എട്ടാം മിനിറ്റില്‍ തന്നെ ലീഡെടുത്ത പ്യൂര്‍ട്ടോറിക്ക ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചു. പെനാല്‍റ്റിയില്‍ നിന്നായിരുന്നു പ്യൂര്‍ട്ടോറിക്കയുടെ ആദ്യ ഗോള്‍.

ഇന്ത്യയുടെ പെനാല്‍റ്റി ബോക്‌സിലേക്ക കടന്ന പ്യൂര്‍ട്ടോറിക്കന്‍ താരത്തെ ജാക്കി ചാന്‍ സിങ് വീഴ്ത്തിയപ്പോള്‍ മലയാളിയായ റഫറി സന്തോഷ് കുമാര്‍ പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. ഇന്ത്യന്‍ നായകന്‍ കൂടിയായ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന് സമര്‍ത്ഥമായി കബളിപ്പിച്ച് സാഞ്ചസ് മത്സരത്തിലെ ആദ്യ ഗോള്‍ നേടി.

പതിനെട്ടാം മിനിറ്റില്‍ ഇന്ത്യ ഗോള്‍ മടക്കി. പ്യൂര്‍ട്ടോറിക്കന്‍ ഗോള്‍പോസ്റ്റിന് സമീപത്ത് നിന്ന് ഇന്ത്യക്കനുകൂലമായി ലഭിച്ച ഫ്രീകിക്കാണ് ഗോളില്‍ കലാശിച്ചത്. സുനില്‍ ഛേത്രിയുടെ ഫ്രീകിക്ക് തകര്‍പ്പനൊരു വോളിയിലൂടെ നാരായണന്‍ ദാസ് പ്യൂര്‍ട്ടോറിക്കന്‍ വലിയിലെത്തിക്കുകയായിരുന്നു. ദേശീയ ടീമിനു വേണ്ടി നാരായണന്‍ ദാസിന്റെ ആദ്യ ഗോള്‍.

എട്ട മിനിറ്റിന് ശേഷം ഇന്ത്യക്കനുകൂലമായി ലഭിച്ച മറ്റൊരു ഫ്രീകിക്കില്‍ നിന്നായിരുന്നു ഇന്ത്യയുടെ രണ്ടാമത്തെ ഗോള്‍. പ്യൂര്‍ട്ടോറിക്കന്‍ പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് തൊടുത്തത് ഒരിക്കല്‍ കൂടി ഇന്ത്യയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി.

മുന്നില്‍ നിരന്ന് നിന്ന് പ്യൂര്‍ട്ടോറിക്കന്‍ താരങ്ങളെ കബളിപ്പിച്ച് ഛേത്രിയുടെ ഫഌറ്റ് ഷോട്ട് പ്യൂര്‍ട്ടോറിക്കന്‍ ഗോളിക്ക് ഒരവസരവും നല്‍കാതെ ഗോളിലേക്ക്. ഇന്ത്യക്ക് 2-1ന്റെ ലീഡ്. മുപ്പത്തിമൂന്നാം മിനിട്ടില്‍ ഇന്ത്യ മൂന്നാം ഗോള്‍ നേടി. ടീം വര്‍്ക്കിന്റെ മികച്ച ഉദാഹരണമായിരുന്നു മൂന്നാം ഗോള്‍. ഗോളിന്റെ തുടക്കം പതിവ് പോലെ ആരംഭിക്കുന്നത് ഛേത്രിയില്‍ നിന്നായിരുന്നു.

മന്ധ്യനിരയില്‍ നിന്ന് പന്തുമായി കുതിച്ച ഛേത്രി പന്ത് ജാക്കിചാന് നല്‍കി. ജാക്കിചാനില്‍ നിന്ന് പ്രീതം കോട്ടാലിലേക്ക്. കോട്ടാലില്‍ നിന്നും വീണ്ടും പന്ത് ഛേത്രിയിലേക്ക്. ഛേത്രി ഹെഡ്ഡ് ചെയ്ത് നല്‍കിയ പന്ത് ജെജെയിലേക്ക്. ജെജയുടെ സൂപ്പര്‍ ഫിനിഷ്. ഇന്ത്യ രണ്ട് ഗോളിന് മുന്നില്‍. 3-1ന്റെ ലീഡോടെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ നാലാം ഗോളും നേടി. 58-ാം മിനിറ്റില്‍ തുടക്കത്തില്‍ എതിരാളികള്‍ക്ക് പെനാല്‍റ്റി സമ്മാനിച്ച ജാക്കിചാന്‍ സിങാണ് പ്രാശ്ചിത്തമെന്നോണം ഗോള്‍ നേടിയത്. ജെജയുടെ ക്രോസ് ലിന്‍ഡോനിലേക്ക്. ലിന്‍ഡോന്റെ ഹെഡ്ഡര്‍ ബാക് പോസ്റ്റില്‍ കാത്ത് നിന്ന് ജാക്കി ചാന്‍ ഗോളിലേക്ക് തിരിച്ച് വിടുകയായിരുന്നു.

We use cookies to give you the best possible experience. Learn more