| Wednesday, 23rd January 2019, 2:18 pm

കംഗാരുവധം കഴിഞ്ഞു, കിവിവേട്ട തുടങ്ങി; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

നേപ്പിയര്‍: ന്യൂസിലാന്റിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച വിജയം. 158 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

വെളിച്ചക്കുറവ് മൂലം തടസപ്പെട്ട മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 49 ഓവറില്‍ 156 റണ്‍സ് എന്നാക്കി ഇന്ത്യയുടെ വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചിരുന്നു.

ഇന്ത്യക്കായി ശിഖര്‍ ധവാന്‍ (75) അര്‍ധസെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. കോഹ്‌ലി 45 റണ്‍സെടുത്തു പുറത്തായി.

ALSO READ: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമായി ഷമി

രോഹിത് ശര്‍മ്മയാണ് കോഹ്‌ലിയേക്കൂടാതെ പുറത്തായ ബാറ്റ്‌സ്മാന്‍. അമ്പാട്ടി റായിഡു ധവാനൊപ്പം പുറത്താകാതെ നിന്നു.

നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് ന്യൂസീലന്‍ഡിനെ തകര്‍ത്തത്. യൂസ്വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റെടുത്തു. അര്‍ധ സെഞ്ചുറി (64) നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നിന്നത്.

മുഹമ്മദ് ഷമിയും യൂസ്വേന്ദ്ര ചാഹലുമാണ് ന്യൂസീലന്‍ഡ് മുന്‍നിരയെ തകര്‍ത്തത്. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (5)യും കോളിന്‍ മണ്‍റോ (8)യേയും പുറത്താക്കി ഷമി ന്യൂസിലന്‍ഡിനെ ആദ്യം ഞെട്ടിച്ചു. പിന്നാലെ റോസ് ടെയ്ലര്‍ (24), ടോം ലാഥം (11) എന്നിവരെ പുറത്താക്കി ചാഹല്‍ ആതിഥേയരെ പ്രതിരോധത്തിലാക്കി.

ALSO READ: ഏഷ്യാകപ്പ് 2019: ക്വാര്‍ട്ടര്‍ ലൈനപ്പായി; ഖത്തറിന് ദക്ഷിണ കൊറിയ എതിരാളികള്‍

അര്‍ധ സെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണെ കുല്‍ദീപാണ് മടക്കിയത്. ഫെര്‍ഗൂസന്‍ (0), ഡഗ് ബ്രെയ്‌സ് വെല്‍ (7) എന്നിവരെയും കുല്‍ദീപ് പവലിയനിലെത്തിച്ചു. ട്രെന്‍ഡ് ബോള്‍ട്ടിനെ രോഹിത്തിന്റെ കൈകളിലെത്തിച്ച് കുല്‍ദീപ് ന്യൂസീലന്‍ഡ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

അതേസമയം ഇന്ത്യക്കായി ഏകദിനത്തില്‍ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന ബൗളര്‍ എന്ന നേട്ടം മുഹമ്മദ് ഷമി സ്വന്തം പേരിലാക്കി.

56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 മത്സരങ്ങളില്‍ നിന്ന് ഇര്‍ഫാന്‍ പത്താനാണ് ഇതിന് മുമ്പ് വേഗത്തില്‍ 100 വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം.

ALSO READ: ഗുരുതരാവസ്ഥ തരണം ചെയ്യാനാവാതെ മുന്‍ ഇന്ത്യന്‍ താരം; ബ്ലാങ്ക് ചെക്ക് നല്‍കി പാണ്ഡ്യ: ഒപ്പമുണ്ടെന്ന് ഗാംഗുലി

സഹീര്‍ ഖാന്‍ (65), അഗാര്‍ക്കര്‍ (67), ജവഗല്‍ ശ്രീനാഥ് (68) എന്നിവരാണ് പട്ടികയില്‍ പുറകിലുള്ളത്. അന്താരാഷ്ട്ര തലത്തില്‍ 44 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് തികച്ച അഫ്ഗാന്‍ താരം റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര നേടിയതിന് പിന്നാലെ കിവീസിലും വിജയത്തോടെ തുടങ്ങാനായത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more