| Sunday, 8th July 2018, 10:10 pm

സെഞ്ച്വറിയുമായി ഹിറ്റ്മാന്‍; ഇന്ത്യയ്ക്ക് പരമ്പര

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആതിഥേയര്‍ ഉയര്‍ത്തിയ 199 റണ്‍സ് ഇന്ത്യ എട്ടു പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.

ഓപ്പണര്‍ രോഹിത് ശര്‍മ്മ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോള്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. 56 പന്തിലായിരുന്നു രോഹിതിന്റെ സെഞ്ച്വറി. കോഹ്‌ലി 43 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പാണ്ഡ്യ 14 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ALSO READ: മാനേജ്‌മെന്റിന് താല്‍പ്പര്യമില്ല; ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്ന് ഇയാന്‍ ഹ്യൂം

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്ക്റ്റ് നഷ്ടത്തിലാണ് 198 റണ്‍സെടുത്തത്. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ജേസണ്‍ റോയ് 31 പന്തില്‍ 67 റണ്‍സെടുത്തു. 21 പന്തില്‍ 34 റണ്‍സെടുത്ത ബട്‌ലര്‍ മികച്ച പിന്തുണ നല്‍കി.

ഇരുവരും പുറത്തായശേഷമിറങ്ങിയ ഹെയ്ല്‍സ് 30 റണ്‍സെടുത്ത് റണ്‍റേറ്റ് താഴാതെ കാത്തു. എന്നാല്‍ താളം കണ്ടെത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന് 200 ലെത്താനായില്ല. ബെയര്‍സ്‌റ്റോ 25 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി ഹര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റ് വീഴ്ത്തി. കൗള്‍ രണ്ടും ചാഹര്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ALSO READ: അഭിമാനമായി വീണ്ടും ദിപ കര്‍മാകര്‍; പരിക്കില്‍ നിന്ന് തിരിച്ചുവന്ന് ലോകകീരിടം

മാഞ്ചസ്റ്ററില്‍ നടന്ന ഒന്നാം ടി-20യില്‍ ഇന്ത്യയും കാര്‍ഡിഫില്‍ നടന്ന രണ്ടാം ടി-20 യില്‍ ഇംഗ്ലണ്ടുമായിരുന്നു വിജയിച്ചിരുന്നത്.

നേരത്തെ അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടി-20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more