| Saturday, 9th March 2024, 2:53 pm

'ബാസ് ബോളാണത്രേ ബാസ് ബോള്‍'; അവസാന ടെസ്റ്റിലും ഇന്ത്യ ഇംഗ്ലണ്ടിനെ അടിച്ചൊടിച്ചു!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സിന്റെയും 64 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. തുടര്‍ ബാറ്റിങ്ങില്‍ ഇന്ത്യ 477 റണ്‍സിനും ഓള്‍ ഔട്ട് ആയി. ശേഷം രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 195 റണ്‍സിന് തകരുകയായിരുന്നു. ഇതോടെ പരമ്പര 4- 1 സ്വന്തമാക്കാനും ചാമ്പ്യന്‍മാരാകാനും ഇന്ത്യക്ക് കഴിഞ്ഞു.

ഇന്ത്യന്‍  ബൗളിങ്ങ്നിരയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇംഗ്ലണ്ട് തകര്‍ന്നത്. ഇംഗ്ലണ്ടിനെ വിറപ്പിച്ചത് ഇന്ത്യയുടെ സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്‍ ആണ്. അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് കരിയറിലെ 36ാം അഞ്ച് വിക്കറ്റ് നേട്ടമാണ് താരം സ്വന്തമാക്കിയത്.

സാക്ക് ക്രോളി (0), ബെന്‍ ഡക്കറ്റ് (2), ഒല്ലി പോപ് (19), ബെന്‍ സ്‌റ്റോക്‌സ് (2), ബെന്‍ ഫോക്‌സ് എന്നിവരെയാണ് ആര്‍. അശ്വിന്‍ പുറത്താക്കിയത്. 39 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയുടെയും 84 റണ്‍സ് നേടിയ ജോ റൂട്ടിന്റേയും വിക്കറ്റ് കുല്‍ദീപാണ് സ്വന്തമാക്കിയത്. ജസ്പ്രീത് ബുംറ 20 റണ്‍സ് നേടിയ ടോം ഹാര്‍ട്‌ലിയുടെയും പൂജ്യം റണ്‍സ് നേടിയ മാര്‍ക്ക് വുഡിനേയുമാണ് പുറത്താക്കിയത്. 13 റണ്‍സ് നേടിയ ഷൊയ്ബ് ബഷീറിന്റെ വിക്കറ്റാണ് ജഡേജക്ക് സ്വന്തമാക്കാന്‍ സാധിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്കെതിരെ സ്പിന്‍ ബൗളര്‍ ഷൊയ്ബ് ബഷീര്‍ അഞ്ച് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചപ്പോള്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ മൂന്ന് സിക്‌സറടക്കം 57 റണ്‍സ് നേടിയാണ് പുറത്തായത്. രോഹിത് 162 പന്തില്‍ നിന്ന് 13 ഫോറും മൂന്ന് സിക്സും അടക്കം 103 റണ്‍സും ഗില്‍ 150 പന്തില്‍ നിന്ന് 13 ഫോറും അഞ്ച് സിക്സറും അടക്കം 110 റണ്‍സെടുത്താണ് പുറത്തായത്.

അരങ്ങേറ്റം കുറിച്ച ദേവ്ദത്ത് പടിക്കല്‍ 103 പന്തില്‍ 65 റണ്‍സും സര്‍ഫറാസ് ഖാന്‍ 60 പന്തില്‍ 56 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചാണ് പുറത്തായത്. രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറെല്‍ (15), രവിചന്ദ്രന്‍ അശ്വിന്‍ (0) എന്നിവര്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെയാണ് പുറത്തായത്.

അവസാനം കുല്‍ദീപ് യാദവ് 30 റണ്‍സും ജസ്പ്രീത് ബുംറ 20 റണ്‍സും നേടി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുല്‍ദീപ് യാദവിന്റെ വിക്കറ്റ് നേടിയത് ആന്‍ഡേഴ്‌സനാണ്. ഇതോടെ ആന്‍ഡേഴ്‌സണ്‍ തന്റെ ടെസ്റ്റ് കരിയറിലെ നിര്‍ണായക നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. 700 ടെസ്റ്റ് വിക്കറ്റുകള്‍ തികക്കാനാണ് താരത്തിന് സാധിച്ചത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമാകാനും ആന്‍ഡേഴ്‌സണ് കഴിഞ്ഞു.

Content Highlight: India Won Against England In Last Test

Latest Stories

We use cookies to give you the best possible experience. Learn more