ലീഡ് നശിപ്പിച്ചത് അശ്വിന്‍, സമനില തട്ടിത്തെറിപ്പിച്ച് ഇക്കുറി ഷമി; ദക്ഷിണാഫ്രിക്കയെ വരിഞ്ഞുകെട്ടി വിജയമാഘോഷിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍
India vs South Africa
ലീഡ് നശിപ്പിച്ചത് അശ്വിന്‍, സമനില തട്ടിത്തെറിപ്പിച്ച് ഇക്കുറി ഷമി; ദക്ഷിണാഫ്രിക്കയെ വരിഞ്ഞുകെട്ടി വിജയമാഘോഷിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th October 2019, 2:33 pm

വിശാഖപട്ടണം: സമനിലയിലേക്കു പോയിക്കൊണ്ടിരുന്ന മത്സരത്തെ വരുതിയിലാക്കിയ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. വിശാഖപട്ടണത്തു നടന്ന മത്സരത്തിന്റെ അവസാന ദിവസത്തെ രണ്ടാം സെഷനിലാണ് ദക്ഷിണാഫ്രിക്ക പൊരുതാന്‍ പോലും തയ്യാറാകാതെ കീഴടങ്ങിയത്.

സ്‌കോര്‍: ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റിന് 502 റണ്‍സ് ഡിക്ല. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 431 റണ്‍സിന് ഓള്‍ഔട്ട്. ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 323 ഡിക്ല. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ 191 റണ്‍സിന് ഓള്‍ഔട്ട്. ഇന്ത്യക്ക് 203 റണ്‍സിന്റെ വിജയം.

395 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയെ 191 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഏഴ് വിക്കറ്റ് നേടി ആദ്യ ഇന്നിങ്‌സില്‍ രവിചന്ദ്രന്‍ അശ്വിനായിരുന്നു ദക്ഷിണാഫ്രിക്കയെ ലീഡ് നേടുന്നതില്‍ നിന്നു തടഞ്ഞതെങ്കില്‍, രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ മുഹമ്മദ് ഷമി, നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ എന്നിവരായിരുന്നു വിജയം കൈപ്പിടിയിലൊതുക്കിയത്.

10.5 ഓവര്‍ മാത്രം എറിഞ്ഞായിരുന്നു ഷമി ഈ നേട്ടം കൊയ്തത്. മധ്യനിരയിലെ മൂന്ന് പേരുടേതടക്കം നാല് വിക്കറ്റുകളാണ് ബൗള്‍ഡ് ചെയ്ത് ഷമി നേടിയത്.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അര്‍ധസെഞ്ചുറി നേടിയ ഡെയ്ന്‍ പീറ്റ് (56), സെനുരാന്‍ മുത്തുസ്വാമി (49), എയ്ഡന്‍ മര്‍ക്രം (39) എന്നിവര്‍ മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ ശ്രമം നടത്തിയത്. അശ്വിന്‍ ഒരുവിക്കറ്റ് വീഴ്ത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടിന്നിങ്‌സിലും സെഞ്ചുറി നേടിയ അപൂര്‍വ പ്രകടനം നടത്തിയ ഓപ്പണര്‍ രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്. രോഹിത് ആദ്യ ഇന്നിങ്‌സില്‍ 176 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 127 റണ്‍സും നേടി.

അശ്വിന്‍ ആദ്യ ഇന്നിങ്‌സില്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഓപ്പണറും യുവതാരവുമായ മായങ്ക് അഗര്‍വാളായിരുന്നു ബാറ്റിങ്ങിലെ ഹീറോ. 215 റണ്‍സായിരുന്നു അഗര്‍വാള്‍ ആദ്യ ഇന്നിങ്‌സില്‍ നേടിയത്.