| Sunday, 21st July 2024, 6:28 pm

ഏഷ്യാ കപ്പ് വിമണ്‍സില്‍ യു.എ.ഇയെ ചുരുട്ടിയെറിഞ്ഞ് ഇന്ത്യക്ക് രണ്ടാം വിജയം!

സ്പോര്‍ട്സ് ഡെസ്‌ക്

വിമണ്‍സ് ഏഷ്യാകപ്പില്‍ രണ്ടാം വിജയവും സ്വന്തമാക്കി ഇന്ത്യ. യു.എ.ഇയെ 78 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രാങ്കിരി ദാമ്പുള്ള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യു.എ.ഇ വിമണ്‍സിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് കബീഷ ഈഗോടാജ് ആണ്. 32 പന്തില്‍ 40 റണ്‍സ് നേടിയാണ് താരം പുറത്താകാതെ നിന്നത്. ഒരു സിക്‌സറും മൂന്ന് ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ക്യാപ്റ്റന്‍ ഇഷ ഒസ 36 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും അടക്കം 38 റണ്‍സ് നേടിയിരുന്നു. അവസാന ഘട്ടത്തില്‍ കൗഷി ശര്‍മ പത്ത് റണ്‍സുംനേടി. യു.എ.ഇയുടെ അഞ്ചു താരങ്ങളാണ് രണ്ടക്കം കടക്കാന്‍ സാധിക്കാതെ പുറത്തായത്.

ഇന്ത്യക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവച്ചത് ദീപ്തി ശര്‍മയാണ്. നാലു ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. രേണുക സിങ്,തനൂജ കന്‍വാര്‍, പൂജ വസ്ത്രാക്കര്‍, രാധാ യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന്റെയും വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷിന്റെയും മിന്നും പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. ഹര്‍മന്‍ 47 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും അടക്കം 66 റണ്‍സ് നേടി ഒരു റണ്‍ ഒട്ടില്‍ പുറത്താകുകയായിരുന്നു. എന്നാല്‍ റിച്ച 29 പന്തില്‍ ഒരു സിക്‌സും 12 ഫോറും അടക്കം 64 റണ്‍സ് നേടിയത് പുറത്താകാതെയാണ്. താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറി 220.69 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് അടിച്ചെടുത്തത്.

മത്സരത്തില്‍ ജമീമ റോഡ്രിഗസ് 14 റണ്‍സിന് മടങ്ങിയപ്പോള്‍ റിച്ചാ ഘോഷും ക്യാപ്റ്റനും ചേര്‍ന്ന് 100+ റണ്‍സിന്റെ തകര്‍പ്പന്‍ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്.

ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ കനത്ത തിരിച്ചടി നല്‍കിയാണ് യു.എ.ഇ ബൗളര്‍മാര്‍ തുടങ്ങിയത്. രണ്ടാം ഓവറില്‍ സ്മൃതി മന്ദാനയെ പറഞ്ഞയച്ചാണ് എതിരാളികള്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. ഒമ്പത് പന്തില്‍ 13 റണ്‍സായിരുന്നു താരം നേടിയത്. കവിഷ ഇഗോഡാഗിയുടെ പന്തില്‍ തീര്‍ത്ഥ സതീഷാണ് താരത്തിന്റ ക്യാച്ച് നേടിയത്.

പിന്നീട് 18 പന്തില്‍ 37 റണ്‍സ് നേടിയ ഷിഫാലി വര്‍മയെ സമൈറ ദാമിദാര്‍ക്ക പുറത്താക്കിയപ്പോള്‍ ദയാലന്‍ ഹേമലത രണ്ട് റണ്‍സിന് കൂടാരം കയറി. യു.എ.ഇക്ക് വേണ്ടി സമൈറയും ഹീന ഹോച്ചാന്‍ന്ദിനിയും ഓരോ വിക്കറ്റുകള്‍ നേടിപ്പോള്‍ കവിഷ രണ്ട് വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങില്‍ യു.എ.ഇക്ക് ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ ഒരു ബാലികേറാ മലയാകുമെന്നത് ഉറപ്പാണ്.

Content Highlight: India Womens Won Their Second Asia Cup Match Against U.A.E

We use cookies to give you the best possible experience. Learn more