ഇന്ത്യ വിമണ്‍സും സൗത്ത് ആഫ്രിക്ക വിമണ്‍സും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത് വമ്പന്‍ റെക്കോഡ് ഇട്ടാണ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിമണ്‍സ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെക്കോഡ് ഇട്ടാണ് തങ്ങളുടെ ആദ്യ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 115.1 ഓവറില്‍ 603 റണ്‍സ് ആണ് ഇന്ത്യന്‍ വിമണ്‍സ് അടിച്ചെടുത്തത്. ഇതോടെ വിമണ്‍സ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് സൗത്ത് ആഫ്രിക്കന്‍ വിമണ്‍സിനെതിരെ ഇന്ത്യ നേടിയെടുത്തത്.
ഓപ്പണര്‍ ഷിഫാലി വര്‍മയുടെയും സ്മൃതി മന്ദാനയുടെയും ഐതിഹാസികമായ പ്രകടനത്തിലാണ് ഇന്ത്യ സ്‌കോറില്‍ എത്തിയത്. ഷിഫാലി 197 പന്തില്‍ നിന്ന് 23 ഫോറും 8 സിക്‌സറും അടക്കം 205 റണ്‍സ് നേടി ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്തു. സ്മൃതി 161 പന്തില്‍ നിന്ന് ഒരു സിക്‌സും 26 ഫോറും അടക്കം 149 റണ്‍സാണ് നേടിയത്.
സതീഷ ശുഭ 15 റണ്‍സിന് പുറത്തായപ്പോള്‍ ജമീമ റോഡ്രിഗസ് 94 പന്തില്‍ നിന്ന് 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. താരത്തിന് പുറമേ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 115 പന്തില്‍ നിന്ന് നാല് ഫോര്‍ അടക്കം 69 റണ്‍സ് നേടി. എന്നാല്‍ ഏറെ അമ്പരപ്പിച്ചത് റിച്ചാ ഘോഷ് ആണ് 90 പന്തില്‍ 16 ഫോര്‍ അടക്കം 86 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്.
സൗത്ത് ആഫ്രിക്കന്‍ വിമണ്‍സിന് വേണ്ടി ഡല്‍മാരീടെക്കര്‍ 141 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍. നോണ്‍കുലുലേക്കോ മ്ലാബ, തുമി സേഖുഖുനെ, നദീന്‍ ഡീ ക്ലര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 62 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് ആണ് നേടിയത്. ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ട്ടടിനെ 20 റണ്‍സിന് സ്‌നേഹ റാണ എല്‍.ബിയിലൂടെ പുറത്തായപ്പോള്‍ അന്നേകെ ബോസ്‌കിനെ 39 റണ്‍സിന് സ്‌നേഹ വീണ്ടും കുരുക്കി.