| Friday, 6th April 2018, 6:13 pm

'പൊരുതി ജയിച്ച് പെണ്‍പട'; ഇംഗ്ലണ്ടിനെതിരെ ഒരു വിക്കറ്റിന്റെ ആവേശ ജയവുമായി ഇന്ത്യന്‍ വനിതാ ടീം; വിജയ നിമിഷത്തിന്റെ വീഡിയോ കാണാം

സ്പോര്‍ട്സ് ഡെസ്‌ക്

നാഗ്പൂര്‍: ഇന്ത്യയിലെ ക്രിക്കറ്റാരാധകര്‍ ഐ.പി.എല്ലിനു പിന്നാലെ പോകുമ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ അവിസ്മരണീയ ജയവുമായി ഇന്ത്യന്‍ വനിതാ ടീം. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് ഇന്ത്യന്‍ സംഘം ഇംഗ്ലീഷ് പടയെ പരാജയപ്പെടുത്തിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം അവസാന ഓവറിലാണ് ഇന്ത്യ മറികടന്നത്. വിജയ നിമിഷത്തില്‍ ഏക്ത ബിഷ്ടും പൂനം യാദവുമായിരുന്നു ക്രീസില്‍. ഇന്ത്യക്കായി സ്മൃതി മന്ദാന 86 റണ്‍സ് നേടിയ മത്സരത്തില്‍ വിജയം ഉറപ്പിച്ച ഇന്ത്യയില്‍ നിന്ന് മത്സരം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ഇംഗ്ലണ്ടിനെയായിരുന്നു പിന്നീട് കണ്ടത്.

166 നു 3 എന്ന നിലയില്‍ വിജയം ഉറപ്പിച്ച ഇന്ത്യക്ക് ശേഷിക്കുന്ന 42 റണ്‍സ് നേടുന്നതിനിടെ ആറു വിക്കറ്റുകളാണ് നഷ്ടമായത്. 188 റണ്‍സിലെത്തുന്നതിനിടയിലായിരുന്നു ഇന്ത്യയുടെ 9 വിക്കറ്റുകളും നഷ്ടമായത്.

അവസാന വിക്കറ്റില്‍ പൊരുതി നിന്ന ഏക്ത ബിഷ്ട് 120 ഉം പൂനം യാദവ് 7 ഉം റണ്‍സുമാണ് നേടിയത്. അവസാന ഓവറിലെ ആദ്യ പന്തിലായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യക്കായി ദീപ്തി ശര്‍മ്മ (24), ഹര്‍മ്മന്‍പ്രീത് കൗര്‍ (21) എന്നിവര്‍ തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനായി സോഫി എക്‌സെല്‍സ്റ്റോണ്‍ നാല് വിക്കറ്റുകളും വീഴ്ത്തി.

അതേസമയം ഇന്ത്യന്‍ നായിക മിതാലി രാജ് ഈ മത്സരത്തോടെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ ഏകദിന മത്സരം കളിക്കുന്ന വനിതാ താരമെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ താരം മിതാലി രാജിനെ തേടിയെത്തിയിരിക്കുന്നത്. നാഗ്പൂരില്‍ നടന്ന ഏകദിനത്തിലാണ് മിതാലി പുതിയ ചരിത്രം കുറിച്ചത്. മിതാലിയുടെ 192-ം ഏകദിന മത്സരമായിരുന്നു ഇത്. 191 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഇംഗ്ലണ്ട് താരം ചാര്‍ലറ്റ് എഡ്വേര്‍ഡ്സിനെ പിന്നിലാക്കിയാണ് മിതാലി നേട്ടം കൊയ്തത്.

വിജയ നിമിഷത്തെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ഐ.പി.എല്‍: കുട്ടിക്രിക്കറ്റിന്റെ പൂരത്തിന്റെ വീഡിയോ കാണാം

We use cookies to give you the best possible experience. Learn more