ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് തകര്‍ത്തു ഇന്ത്യ; ടിറ്റാസ് സാധുവിന് പ്ലെയര്‍ ഓഫ് ദ മാച്ച്
Sports News
ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് തകര്‍ത്തു ഇന്ത്യ; ടിറ്റാസ് സാധുവിന് പ്ലെയര്‍ ഓഫ് ദ മാച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th January 2024, 11:44 pm

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി-ട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19.2 ഓവര്‍ പിന്നിട്ടപ്പോള്‍ ഓസ്‌ട്രേലിയ 141 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 17.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷിഫാലി വര്‍മയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്മൃതി 52 പന്തില്‍ നിന്ന് ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 54 റണ്‍സ് ആണ് നേടിയത്. 103.85 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരത്തിന്റെ പ്രകടനം. ജോര്‍ജിയ വെയര്‍ഹാം
ആണ് സ്മൃതിയുടെ വിക്കറ്റ് നേടിയത്. എന്നാല്‍ ഷിഫാലി വര്‍മ 44 പന്തില്‍ നിന്നും മൂന്ന് സിക്‌സറുകളും ആറ് ബൗണ്ടറികളും അടക്കം 64 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചത് പുറത്താകാതെയാണ്. ജമീമ റോഡ്രിഗസ് ആറ് റണ്‍സ് നേടിയപ്പോള്‍ 21 റണ്‍സിന്റെ എക്‌സ്ട്രാസാണ് ഓസ്‌ട്രേലിയ ഇന്ത്യക്ക് നല്‍കിയത്. ഇതോടെ മൂന്ന് ടി- ട്വന്റി മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.

ഓസ്‌ട്രേലിയക്ക് വേണ്ടി ഫോബി ലിച്ഫീല്‍ഡ് 32 പന്തില്‍ നിന്നും മൂന്നു സിക്‌സറുകളും നാലു ബൗണ്ടറികളും അടക്കം 49 റണ്‍സ് നേടി മികച്ച പ്രകടനമാണ് മധ്യനിരയില്‍ കാഴ്ചവച്ചത്. എല്ലിസ് പെരി 30 പന്തില്‍ 37 റണ്‍സും ബെത് മോണി 18 പന്തില്‍ 17 റണ്‍സും നേടി ഓസ്‌ട്രേലിയയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. എന്നാല്‍ ഇന്ത്യന്‍ ബൗളിങ്ങില്‍ ഓസ്‌ട്രേലിയ നിലം കുത്തുകയായിരുന്നു. നാല് ഓവര്‍ മാത്രം എറിഞ്ഞ ടിറ്റാസ് സാധു നാലു വിക്കറ്റുകള്‍ നേടിയാണ് ഓസീസിനേ പ്രതിരോധത്തില്‍ ആക്കിയത്. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ചും ടിറ്റാസ് ആയിരുന്നു ശ്രേയങ്ക പാട്ടിലും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

Content Highlight: India Women’s Win First Match Against Australia