നിര്‍ണായക മത്സരത്തില്‍ വീണ്ടും പടിക്കല്‍ കലമുടച്ച് ഇന്ത്യ. ഇന്ത്യ-സൗത്ത് ആഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ് ട്രൈ നേഷന്‍ സീരീസ് ഫൈനലിലാണ് ഇന്ത്യ വീണ്ടും പരാജയപ്പെട്ടത്. ഫൈനല്‍ വരെ ഒറ്റ മത്സരത്തില്‍ പോലും തോല്‍ക്കാതെയെത്തിയ ഇന്ത്യ വീണ്ടും മറ്റൊരു ഫൈനലില്‍ തോല്‍ക്കുകയായിരുന്നു.
വനിതാ ടി-20 ലോകകപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി ഫൈനല്‍ തോല്‍ക്കുന്ന പതിവ് ഇന്ത്യ ഇത്തവണയും തെറ്റിച്ചില്ല. സൗത്ത് ആഫ്രിക്കയായിരുന്നു ഇത്തവണ ഇന്ത്യയുടെ കപ്പെടുക്കാമെന്ന മോഹങ്ങള്‍ക്ക് മേല്‍ വെള്ളിടി വീഴ്ത്തിയത്.
ബഫലോ പാര്‍ക്കില്‍ വെച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ തീരുമാനം പാളുന്ന കാഴ്ചയായിരുന്നു തുടക്കത്തിലേ കണ്ടത്.
സ്‌കോര്‍ ബോര്‍ഡില്‍ ഒറ്റ റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. എട്ട് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെ സ്മൃതി മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 21 റണ്‍സായപ്പോഴേക്കും രണ്ടാം വിക്കറ്റും വീണു. 18 പന്തില്‍ നിന്നും 11 റണ്‍സുമായി ജെമിയ റോഡ്രിഗസാണ് രണ്ടാം വിക്കറ്റായി മടങ്ങിയത്.
വണ്‍ ഡൗണായെത്തിയ ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യന്‍ നിരയില്‍ കരുത്തായത്. 56 പന്തില്‍ നിന്നും 46 റണ്‍സാണ് ഡിയോള്‍ നേടിയത്. ഡിയോളിന് പുറമെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പിടിച്ചുനിന്നു. 22 പന്തില്‍ നിന്നും 21 റണ്‍സാണ് കൗര്‍ സ്വന്തമാക്കിയത്. 14 പന്തില്‍ നിന്നും 16 റണ്‍സ് നേടിയ ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ അടുത്ത മികച്ച റണ്‍ ഗെറ്റര്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 109 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസിനും തുടക്കം പിഴച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡിവല്‍ ഏഴ് റണ്‍സായപ്പോഴേക്കും സൗത്ത് ആഫ്രിക്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്തില്‍ നിന്നും റണ്ണൊന്നുമെടുക്കാതെ ലോറയാണ് ആദ്യ വിക്കറ്റായി പുറത്തായത്. ദീപ്തി ശര്‍മയായിരുന്നു ലോറയെ മടക്കിയത്.
സ്‌കോര്‍ 15ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റും 21ന് മൂന്നാം വിക്കറ്റും സൗത്ത് ആഫ്രിക്കക്ക് നഷ്ടമായി. എന്നാല്‍ അഞ്ചാം നമ്പറിലിറങ്ങി അര്‍ധ സെഞ്ച്വറി തികച്ച ഷോല്‍ ട്രയോണ്‍ സൗത്ത് ആഫ്രിക്കയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 32 പന്തില്‍ നിന്നും പുറത്താവാതെ 57 റണ്‍സാണ് ട്രയോണ്‍ നേടിയത്.
ഒടുവില്‍ 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി സൗത്ത് ആഫ്രിക്ക വിജയം കാണുകയായിരുന്നു.
സൗത്ത് ആഫ്രിക്കയെ വിജയിത്തിലേക്ക് നയിച്ച ഷോല്‍ ട്രയോണാണ് കളിയിലെ താരം. ഫൈനല്‍ മത്സരത്തിലടക്കം ഇന്ത്യക്കായി തിളങ്ങിയ ദീപ്തി ശര്‍മയെയാണ് ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുത്തത്.
Content highlight: India women lost in tri nation series final