|

മൂന്ന് ഫൈനല്‍ തോറ്റതിന് ശേഷം ഇന്ത്യന്‍ വനിതകള്‍ ആദ്യമായി ചിരിച്ചു; ഇതാ ഇന്ത്യയുടെ പെണ്‍പുലികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീമിന് സ്വര്‍ണം. ദഖഡഠ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 19 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സാണ് നേടിയത്. സ്മൃതി മന്ഥാനയുടെയും ജെമീമ റോഡ്രിഗസിന്റെയും ചെറുത്ത് നില്‍പാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

മന്ഥാന 45 പന്തില്‍ 46 റണ്‍സ് നേടി പുറത്തായപ്പോള്‍ 40 പന്തില്‍ നിന്നും 42 റണ്‍സാണ് ജെമീമ സ്വന്തമാക്കിയത്. മറ്റ് താരങ്ങളെല്ലാം തന്നെ ഒറ്റയക്കത്തിന് പുറത്തായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

താരതമ്യേന ചെറിയ സ്‌കോറായിരുന്നിട്ട് കൂടിയും ലങ്കക്ക് വിജയം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ബൗളര്‍മാരുടെ കരുത്തിലാണ് ഇന്ത്യ വനിതാ ക്രിക്കറ്റിലെ ആദ്യ മേജര്‍ നേട്ടം സ്വന്തമാക്കുന്നത്.

ഒരു മെയ്ഡന്‍ അടക്കം നാല് ഓവര്‍ പന്തെറിഞ്ഞ് ആറ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടൈറ്റസ് സാധുവാണ് ലങ്കയില്‍ നിന്നും മത്സരം തട്ടിപ്പറിച്ച് ഇന്ത്യക്ക് നല്‍കിയത്. രാജേശ്വരി ഗെയ്ക്വാദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ദേവിക വൈദ്യ, ദീപ്തി ശര്‍മ, പൂജ വസ്ത്രാര്‍ക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഇതിന് മുമ്പ് മൂന്ന് തവണ ഫൈനല്‍ മത്സരങ്ങളില്‍ കരയേണ്ടി വന്ന ഇന്ത്യന്‍ വനിതകള്‍ ഒടുവില്‍ പടിക്കല്‍ കലമുടക്കുന്ന പതിവ് അവസാനിപ്പിച്ചിരിക്കുകയാണ്.

കോമണ്‍വെല്‍ത് ഗെയിംസിലും ഐ.സി.സി വനിതാ ലോകകപ്പിലും ഐ.സി.സി ടി-20 വനിതാ ലോകകപ്പിലുമാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ പരാജയപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത് ഗെയിംസില്‍ ഒമ്പത് റണ്‍സിനായിരുന്നു ഇന്ത്യ സ്വര്‍ണനേട്ടം കൈവിട്ടുകളഞ്ഞത്. ജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന മത്സരമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഓസീസ് ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുയര്‍ന്നിറങ്ങിയ ഇന്ത്യ 152 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

2020ല്‍ നടന്ന ടി-20 ലോകകപ്പിലായിരുന്നു ഇന്ത്യന്‍ വനിതകള്‍ ഇതിന് മുമ്പ് കണ്ണീരണിഞ്ഞത്. അന്ന് ഇന്ത്യയെ തോല്‍പിച്ചതാകട്ടെ ഇതേ ഓസ്ട്രേലിയയും.

മെല്‍ബണില്‍ വെച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ 85 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 184 റണ്‍സടിച്ചപ്പോള്‍ ഇന്ത്യന്‍ വനിതകള്‍ 19.2 ഓവറില്‍ 99ന് പുറത്താവുകയായിരുന്നു. ഇന്ത്യയെ തോല്‍പിച്ചതോടെ ഒരിക്കല്‍ക്കൂടി കിരീടം നിലനിര്‍ത്താനും ഓസീസിനായി.

2017ലായിരുന്നു ഇന്ത്യ ഇതിന് മുമ്പ് ഫൈനലിലെത്തിയതും തോറ്റതും. 2017ലെ ഐ.സി.സി വനിതാ ലോകകപ്പിലായിരുന്നു വേദി. ഇംഗ്ലണ്ടായിരുന്നു അന്ന് ഇന്ത്യയെ തോല്‍പിച്ചത്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാനമായി 9 റണ്‍സിന് തന്നെയായിരുന്നു ഇന്ത്യയുടെ തോല്‍വി. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സിലായിരുന്നു ഫൈനല്‍.

എന്നാല്‍ ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞതോടെ ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയായിരിക്കുകയാണ്. തുടര്‍ന്ന് വരുന്ന ബിഗ് ഇവന്റുകളില്‍ ഇന്ത്യന്‍ വനിതാ ടീമിന് മുമ്പോട്ട് കുതിക്കാനും കിരീടമണിയാനും ഈ സ്വര്‍ണം കാരണമായേക്കും.

Content Highlight: India Woman’s wins gold in Asian Games Cricket

Video Stories