| Thursday, 27th June 2024, 9:13 pm

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ ആശങ്കയുണ്ട്; ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അക്കമിട്ട് നിരത്തി യു.എസിന്റെ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന അക്രമസംഭവങ്ങള്‍ അക്കമിട്ട് നിരത്തി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട്.

കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, വിവേചനം, ആരാധനാലയങ്ങള്‍ നശിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതിനാല്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 26നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ എങ്ങനെയാണ് ആക്രമിക്കപ്പെടുന്നതെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളും റിപ്പാേര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

മുംബൈയില്‍ ട്രെയ്‌നില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ കൂടെ ഉണ്ടായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും മൂന്ന് മുസ്‌ലിങ്ങളെയും വെടിവെച്ച് കൊന്ന സംഭവം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

പശുവിനെ കശാപ്പ് ചെയ്തതിനും മാട്ടിറച്ചി കച്ചവടം ചെയ്തതിനും ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ അക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യന്‍ സര്‍ക്കാര്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍, ജമ്മു കശ്മീരിലെ ഭാഗിക സ്വയംഭരണം റദ്ദാക്കല്‍, പൗരത്വ നിയമം എന്നിവയിലേക്കും റിപ്പോര്‍ട്ട് വിരള്‍ ചൂണ്ടുന്നുണ്ട്. അനധികൃത നിര്‍മാണമെന്ന പേരില്‍ മുസ്‌ലിം സ്വത്തുക്കള്‍ ഇടിച്ചുനിരത്തുന്നതായും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, ന്യൂനപക്ഷ മതവിഭാഗങ്ങളിലെ അംഗങ്ങളുടെ വീടുകളും ആരാധനാലയങ്ങളും തകര്‍ക്കല്‍ എന്നിവയില്‍ വര്‍ധനവുണ്ടായതായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പറഞ്ഞിരുന്നു.

Content Highlight: India witnessed violent attacks on minorities in 2023: US govt report

Latest Stories

We use cookies to give you the best possible experience. Learn more