ന്യൂദല്‍ഹി: കാനഡക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡയിലെ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പിന്‍വലിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെതാണ് നടപടി.
കാനഡയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം ഇന്ത്യ വെട്ടികുറയ്ക്കുകയും ചെയ്തു. നയതന്ത്രജ്ഞരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.
ഇതിനുപുറമെ ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ കാമറോണ്‍ മക്കോയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുകയും ചെയ്തു. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് പങ്കുണ്ടെന്ന് പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയാണ് നടപടി.
കൂടാതെ ട്രൂഡോ സര്‍ക്കറിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കാനഡ തീവ്രവാദികള്‍ക്ക് അഭയം നല്‍കിയെന്നും മന്ത്രാലയം ആരോപിച്ചു. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കാനഡ അയച്ച കത്തിന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.
കഴിഞ്ഞ ദിവസം നിജ്ജറിന്റെ കൊലപാതകത്തില്‍ തെളിവുകളൊന്നും ഹാജരാക്കാതെ സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് ഇന്ത്യ കാനഡയെ അറിയിച്ചിരുന്നു.
ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കേസിന്റെ കാര്യത്തില്‍ ഇന്ത്യക്കൊന്നും മറച്ചുവെക്കാനില്ലെന്നും കുറ്റം ചുമത്തുന്നതിനോടൊപ്പം തെളിവുകള്‍ ഹാജരാക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടത്.
ഇന്ത്യക്കെതിരായ ട്രൂഡോ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ തെളിവുകളില്ലാത്ത പക്ഷം നിലനില്‍ക്കില്ലെന്നും കൃത്യമായ തെളിവുകള്‍ കാനഡ ഹാജരാക്കണമെന്നും ഇന്ത്യ അറിയിച്ചു. ഒക്ടോബര്‍ 11ന് നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ബന്ധത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ഖാലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം ചര്‍ച്ചയാവുകയായിരുന്നു.
എന്നാല്‍ കനേഡിയന്‍ പ്രധാന മന്ത്രിയുടെ ആരോപണം ഇന്ത്യ പൂര്‍ണമായും തള്ളുകയും ചെയ്തിരുന്നു. നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണ ഏജന്‍സിയായ ആര്‍.സി.എം.പി നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.
2023 ജൂണ്‍ 18നാണ് ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളിലും ഇന്ത്യക്കെതിരായാണ് ട്രൂഡോ പ്രതികരിച്ചിട്ടുള്ളത്.
Content Highlight: India withdraws diplomatic representatives from Canada