ആദ്യ അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്ന റായ്പൂര്‍ ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടാകും എന്ന് തന്നെയായിരുന്നു ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ഏകദിനത്തിന് മുമ്പ് തന്നെ ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്നത്. ആരാധകരുടെ ആ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചുകൊണ്ടായിരുന്നു ഷഹീദ് വീര്‍ നാരായണ്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ച് ഇന്ത്യന്‍ ബൗളര്‍മാരെ അകമഴിഞ്ഞ് സഹായിച്ചത്.
ആദ്യ ഓവറില്‍ ന്യൂസിലാന്‍ഡിന് അക്കൗണ്ട് തുറക്കാന്‍ സാധിക്കും മുമ്പ് തന്നെ സ്റ്റാര്‍ പേസര്‍ ഷമി എതിരാളികള്‍ക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയിരുന്നു. ഓപ്പണര്‍ ഫിന്‍ അലനെ ഡക്കാക്കിക്കൊണ്ടായിരുന്നു ഇന്ത്യ തുടങ്ങിയത്.
സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സായപ്പോഴേക്കും രണ്ടാം വിക്കറ്റും വീണു. 20 പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രം നേടിയ ഹെന്റി നിക്കോള്‍സിനെ ഗില്ലിന്റെ കൈകളിലെത്തിച്ച് സിറാജ് വീണ്ടും തന്റെ ക്ലാസ് തെളിയിച്ചു.
ഒരു റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും അടുത്ത വിക്കറ്റും നിലം പൊത്തി. ഇത്തവണയും കിവികളെ ഞെട്ടിച്ചത് ഷമിയായിരുന്നു. ഡാരില്‍ മിച്ചലിനെ സ്വയം ക്യാച്ചെടുത്ത് ഷമി മടക്കി.
സ്‌കോര്‍ബോര്‍ഡില്‍ 15 റണ്‍സായപ്പോഴേക്കും അടുത്ത രണ്ട് വിക്കറ്റുകളും നഷ്ടമായി. 15ന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് ബ്ലാക് ക്യാപ്‌സ് കുത്തനെ വീണു.
മികച്ച ബൗളിങ്ങിന് പുറമെ ഒരു റെക്കോഡും ഇതിനോടകം സൃഷ്ടിക്കപ്പെട്ടിരുന്നു. ഒരു ഏകദിന മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്താനായി ഏറ്റവും കുറവ് റണ്‍സ് മാത്രം വഴങ്ങുന്നതിന്റെ ഇന്ത്യന്‍ റെക്കോഡാണ് റായ്പൂരില്‍ സൃഷ്ടിക്കപ്പെട്ടത്.
ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അഞ്ച് വിക്കറ്റ് വീഴ്ത്താനായി വഴങ്ങിയ ഏറ്റവും കുറവ് റണ്‍സ് (പുരുഷ ഏകദിനം)
(റണ്‍സ്, എതിരാളികള്‍, ഗ്രൗണ്ട്, വര്‍ഷം എന്നീ ക്രമത്തില്‍)
15 – ന്യൂസിലാന്‍ഡ് – റായ്പൂര്‍ – 2023
26 – ഇംഗ്ലണ്ട് – ദി ഓവല്‍ – 2022
29 – പാകിസ്ഥാന്‍ – കൊളംബോ – 1997
30 – സിംബാബ്‌വേ – ഹരാരെ – 2005
32 – വെസ്റ്റ് ഇന്‍ഡീസ് – പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍ – 1997
അതേസയമം, ആറാം വിക്കറ്റും നഷ്ടപ്പെട്ട ന്യൂസിലാന്‍ഡ് ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ആറ് വിക്കറ്റുകള്‍ അവര്‍ക്ക് ഇതിനോടകം നഷ്ടപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ ഹീറോയായ മൈക്കല്‍ ബ്രേസ്വെല്ലാണ് ആറാം വിക്കറ്റായി പുറത്തായത്. 30 പന്തില്‍ നിന്നും 22 റണ്‍സ് നേടിയാണ് ബ്രേസ്വെല്‍ പുറത്തായത്.
ഇന്ത്യക്കായി എല്ലാ ബൗളര്‍മാരും തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുഹമ്മദ് ഷമി ആറ് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്.
ആറ് ഓവറില്‍ പത്ത് റണ്‍സ് മാത്രം വഴങ്ങി മുഹമ്മദ് സിറാജും, ആറ് ഓവറില്‍ 26 റണ്‍സ് വഴങ്ങി ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് ഓവറില്‍ 16 റണ്‍സ് വഴങ്ങി ഹര്‍ദിക് പാണ്ഡ്യയാണ് ആറാം വിക്കറ്റ് സ്വന്തമാക്കിയത്.
നിലവില്‍ 29 ഓവര്‍ പിന്നിടുമ്പോള്‍ 98ന് ആറ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്.
ഹൈദരാബാദില്‍ വെച്ച് നടന്ന ആദ്യ പരമ്പരയില്‍ വിജയിച്ച ഇന്ത്യക്ക് റായ്പൂരിലും വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാം.
Content Highlight: India with best bowling figures