| Friday, 22nd December 2023, 5:36 pm

സിക്‌സര്‍ അടിയില്‍ ഇരട്ട റെക്കോഡുമായി ഇന്ത്യ; ഇത് അപൂര്‍വ നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തിയെങ്കിലും ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തുടര്‍ച്ചയായി പത്ത് മത്സരങ്ങളും വിജയിച്ച ഇന്ത്യക്ക് ഫൈനലില്‍ തോല്‍വി വഴങ്ങേണ്ടി വന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയമായുമയുള്ള ടി-ട്വന്റി പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. ഇപ്പോള്‍ സൗത്ത് ആഫ്രിക്കക്ക് എതിരായ ടി-ട്വന്റി പരമ്പരയിലും ഏകദിന പരമ്പരയിലും ഇന്ത്യ തങ്ങളുടെ ഡോമിനേഷന്‍ തുടര്‍ന്ന് വിജയം കൈവരിച്ചിരിക്കുകയാണ്.

2023ല്‍ മികച്ച പെര്‍ഫോമന്‍സ് ആയിരുന്നു ഇന്ത്യ കാഴ്ചവെച്ചത്. കളിച്ച ഏകദിന മത്സരങ്ങളിലും ടി-ട്വന്റി പരമ്പരകളിലും ക്രിക്കറ്റ് ലോകം ശ്രദ്ധിക്കപ്പെടുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ പ്രകടനം. ഇതോടെ ഏകദിന ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡ് നേട്ടം സ്വന്തമാക്കുകയാണ് ഇന്ത്യന്‍ ടീം. ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ആദ്യ ടീമായി മാറുകയാണ് ഇന്ത്യ. രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ 250 സിക്‌സറുകളാണ് ഏകദിനത്തില്‍ ഉടനീളം അടിച്ചെടുത്തത്.

കൂടാതെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ടീമുകളുടെ പട്ടികയിലും ഇന്ത്യ തന്നെയാണ് തലയുയര്‍ത്തി നില്‍ക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ 3000 സിക്സറുകള്‍ നേടിയ ഏക ടീമാണ് ഇന്ത്യ തന്നെ. ഇതുവരെ 3040+ സിക്സറുകളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അടിച്ചുകൂട്ടിയത്.

323 സിക്‌സറുകള്‍ അടിച്ച രോഹിത് ശര്‍മയാണ് ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ചത്. പിന്നാലെ എം.എസ്. ധോണി (229), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (195), സൗരവ് ഗാംഗുലി (189), യുവരാജ് സിങ് (155), വിരാട് കോഹ്ലി (151), വീരേന്ദര്‍ സെവാഗ് (131), സുരേഷ് റെയ്ന (120) എന്നിങ്ങനെയാണ് പട്ടിക.

ഏകദിനത്തില്‍ കൂടുതല്‍ സിക്‌സറുകള്‍ അടിച്ച രണ്ടാമത്തെ രാജ്യം വെസ്റ്റ് ഇന്ഡീസ് ആണ്. 2953 സിക്‌സറുകള്‍ക്ക് മുകളിലാണ് വിന്‍ഡീസിന്റെ സിക്‌സറുകള്‍. മൂന്നാം സ്ഥാനത്ത് പാകിസ്ഥാന്‍ 2575ല്‍ കൂടുതല്‍ സിക്‌സറുമായും പട്ടികയില്‍ ഉണ്ട്.

2023 ലോകകപ്പില്‍ 88 സിക്‌സറുകളാണ് ഇന്ത്യന്‍ നേടിയത്. അതില്‍ 31 സിക്‌സറുകളും സ്വന്തമാക്കിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിക്കുന്നത് ഇന്ത്യന്‍ ഹിറ്റ് മാന്‍ ആയിരുന്നു. ക്രിസ് ഗെയിലിനെ മറികടന്നാണ് രോഹിത് ഒന്നാമത് എത്തിയത്. എന്നാല്‍ 2023 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ രാജ്യം സൗത്ത് ആഫ്രിക്ക ആയിരുന്നു 99 സിക്‌സുകള്‍ ആയിരുന്നു ടീം നേടിയത്. എന്നിരുന്നാലും 2023ലെ ഏകദിന ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന രാജ്യമായി മാറാന്‍ സാധിച്ചത് ഇന്ത്യയ്ക്കാണ്.

Content Highlight: India with a double record in sixes

We use cookies to give you the best possible experience. Learn more