11 കൊല്ലമായി തുടരുന്ന ഐതിഹാസിക നേട്ടം; കൊമ്പന്‍ കങ്കാരുക്കളും കൊലകൊമ്പന്‍ കങ്കാരുക്കളും തകര്‍ന്നടിഞ്ഞ ജൈത്രയാത്ര
Sports News
11 കൊല്ലമായി തുടരുന്ന ഐതിഹാസിക നേട്ടം; കൊമ്പന്‍ കങ്കാരുക്കളും കൊലകൊമ്പന്‍ കങ്കാരുക്കളും തകര്‍ന്നടിഞ്ഞ ജൈത്രയാത്ര
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd October 2024, 12:25 pm

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ കാണ്‍പൂര്‍ ടെസ്റ്റും വിജയിച്ച് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ഒരുവേള സമനിലയില്‍ പിരിയുമെന്ന് പ്രതീക്ഷിച്ച മത്സരമാണ് ഇന്ത്യ അവിശ്വസനീയമാം വിധം പിടിച്ചെടുത്തത്.

മഴ കാരണം രണ്ടര ദിവസത്തിലധികം നഷ്ടപ്പെട്ട മത്സരത്തിന്റെ നാലാം ദിവസം ലഞ്ചിന് ശേഷം മാത്രമാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങുന്നത്. എന്നാല്‍ അഞ്ചാം ദിനം ചായക്ക് പിരിയും മുമ്പ് തന്നെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

ഇതോടെ സ്വന്തം മണ്ണില്‍ പരമ്പര തോല്‍ക്കാതെ കുതിക്കുന്ന ഇന്ത്യയുടെ ജൈത്രയാത്ര തുടരുകയാണ്. ഹോം കണ്ടീഷനില്‍ തുടര്‍ച്ചയായ 18 വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്.

സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി ഏറ്റവുമധികം പരമ്പരകള്‍ വിജയിക്കുന്ന ടീമുകളുടെ പട്ടികയില്‍ ഇന്ത്യ ബഹുദൂരം മുമ്പിലാണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയെക്കാള്‍ എട്ട് പരമ്പരകള്‍ അധികം വിജയിച്ചാണ് ഇന്ത്യ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഹോം കണ്ടീഷനില്‍ തുടര്‍ച്ചയായി ഏറ്റവുമധികം പരമ്പരകള്‍ വിജയിക്കുന്ന ടീം

ഇന്ത്യ – 18* വിജയങ്ങള്‍ – 2013 മുതല്‍ ഇതുവരെ (തുടരുന്നു)

ഓസ്‌ട്രേലിയ – 10 വിജയങ്ങള്‍ – 1994 മുതല്‍ 2000 വരെ.

ഓസ്‌ട്രേലിയ – 10 വിജയങ്ങള്‍ – 2004 മുതല്‍ 2008 വരെ.

2013ലാണ് ഇന്ത്യ ഇതിന് മുമ്പ് സ്വന്തം മണ്ണില്‍ ഒരു പരമ്പര പരാജയപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു സ്വന്തം കാണികള്‍ക്ക് മുമ്പില്‍ വെച്ച് ഇന്ത്യ പരമ്പര അടിയറവ് വെച്ചത്. നാല് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ പരാജയപ്പെട്ടത്.

അഹമ്മദാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയിച്ചപ്പോള്‍ വാംഖഡെയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.

ഈഡന്‍ ഗാര്‍ഡന്‍സിലെ മൂന്നാം ടെസ്റ്റിലും വിജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. ഏഴ് വിക്കറ്റിനാണ് സന്ദര്‍ശകര്‍ കൊല്‍ക്കത്തയും കീഴടക്കിയത്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ നാഗ്പൂര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ സമനിലയില്‍ തളച്ചു.

ഈ പരാജയത്തിന് ശേഷം 18 ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ സ്വന്തം മണ്ണില്‍ കളിച്ചത്. ഇതില്‍ രണ്ട് വണ്‍ ഓഫ് ടെസ്റ്റുകളടക്കം ഒമ്പത് പരമ്പരകള്‍ വൈറ്റ് വാഷ് ചെയ്താണ് ഇന്ത്യ സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്. ഇതിന് പുറമെ നാല് പരമ്പരകളില്‍ പരാജയമറിയാതെയും ഇന്ത്യ സീരീസ് നേടി.

അതേസമയം, സ്വന്തം മണ്ണിലെ തുടര്‍ച്ചയായ 19ാം പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഒക്‌ടോബര്‍ 16ന് ആരംഭിക്കുന്ന ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനമാണ് ഇനി രോഹിത്തിനും സംഘത്തിനും മുമ്പിലുള്ളത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരക്കായാണ് പുതിയ ക്യാപ്റ്റന്‍ ടോം ലാഥമിന് കീഴില്‍ കിവികള്‍ ഇന്ത്യയിലെത്തുന്നത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ഇന്ത്യയുടെ അവസാന ഹോം ടെസ്റ്റ് സീരീസ് കൂടിയാണിത്. ഇതുകൊണ്ടുതന്നെ സ്വന്തം തട്ടകത്തിലെ അവസാന മത്സരവും വിജയിച്ച് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് ഇന്ത്യ ഒരുങ്ങുന്നത്.

 

Content Highlight: India with 18th consecutive Test series wins on home soil