കൊളംബോ: സീനിയര്‍ ക്രിക്കറ്റ് ടീമിനു പിറകേ ഇന്ത്യയുടെ ജൂനിയര്‍ താരങ്ങളും വിജയപാതയില്‍. ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീം ബംഗ്ലാദേശിന്റെ ജൂനിയര്‍ ടീമിനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പില്‍ മുത്തമിട്ടു. അഞ്ച് റണ്‍സിനായിരുന്നു ടീമിന്റെ വിജയം.
കൊളംബോയിലെ ആര്‍.പി.എസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജയിച്ചതോടെ ഏഴാം തവണയും ഏഷ്യാ കപ്പ് കിരീടം നേടുന്ന ടീമായി മാറാന്‍ ഇന്ത്യയുടെ കൗമാരക്കാര്‍ക്കായി.
വ്യാഴാഴ്ച നടന്ന രണ്ട് സൈമിഫൈനലുകളും മഴയില്‍ കുതിര്‍ന്നതോടെ ഇന്ത്യയും ബംഗ്ലാദേശും ഗ്രൂപ്പ് തലത്തിലെ പോയിന്റിന്റെ അടിസ്ഥാനത്തില്‍ ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. ശ്രീലങ്കയും അഫ്ഗാനിസ്താനുമായിരുന്നു മറ്റ് സൈമിഫൈനലിസ്റ്റുകള്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 106 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ആദ്യ മൂന്ന് ബാറ്റ്‌സ്മാന്മാരും രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ കരണ്‍ ലാല്‍ (37), ക്യാപ്റ്റന്‍ ധ്രുവ് ജുറെല്‍ (33) എന്നിവരാണ് ഇന്ത്യയെ നൂറുകടത്തിയത്. ശാശ്വത് റാവത്ത് (19) ഭേദപ്പെട്ട പിന്തുണ നല്‍കി.
എന്നാല്‍ ബംഗ്ലാ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ വെല്ലുവിളിച്ചുകൊണ്ടിരുന്നപ്പോള്‍ 32.4 ഓവറില്‍ ടീം ഓള്‍ഔട്ടാകുകയായിരുന്നു. ബംഗ്ലകള്‍ക്കു വേണ്ടി മൃത്യുഞ്ജയ് ചൗധരി, ഷമീം ഹൊസൈന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ അതേ നാണയത്തില്‍ വെല്ലുവിളിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ ആദ്യ നാല് വിക്കറ്റുകള്‍ 16 റണ്‍സിനു വീഴ്ത്തി. 23 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അക്ബര്‍ അലിയും ബൗളിങ്ങിലെ പ്രകടനം ബാറ്റിങ്ങിലും ആവര്‍ത്തിച്ച മൃത്യുഞ്ജയുമാണ് (21) അവരെ ഭേദപ്പെട്ട നിലയില്‍ മുന്നോട്ടുകൊണ്ടുപോയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ അഥര്‍വ അങ്കോലേക്കര്‍ എന്ന ഇടംകൈയന്‍ സ്പിന്നര്‍ ബംഗ്ലാ ബാറ്റ്‌സ്മാന്മാരെ വട്ടംകറക്കിയപ്പോള്‍ അവസാന രണ്ട് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണു. എട്ടോവറില്‍ 28 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ അങ്കോലേക്കര്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. ആകാശ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.