നേരിട്ട് കണ്ടവര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്ന, ടിക്കെറ്റെടുത്ത് കണ്ടവര്‍ക്ക് ഒരു കളിക്ക് പകരം മൂന്ന് തകര്‍പ്പന്‍ ത്രില്ലറുകള്‍ കാണാന്‍ സാധിച്ച മത്സരം. അതായിരുന്നു അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20. അതിനാടകീയം എന്നല്ലാതെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ലഭിക്കില്ല.
മത്സരം സമനിലയിലാവുക. വിജയിയെ കണ്ടുപിടിക്കാന്‍ നടത്തിയ സൂപ്പര്‍ ഓവര്‍ സമനിലയിലാവുക, ശേഷം മറ്റൊരു സൂപ്പര്‍ ഓവറിലൂടെ വിജയികളെ തീരുമാനിക്കുക. ഇതായിരുന്നു ബെംഗളൂരുവില്‍ നടന്നത്.
ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി. ഗുലാബദീന്‍ നായിബിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യന്‍ ടോട്ടല്‍ പിന്തുടര്‍ന്നെത്തിയത്.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ ഇന്ത്യക്കും 16 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
രണ്ടാം സൂപ്പര്‍ ഓവറില്‍ 12 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാന് ഒരു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ പത്ത് റണ്‍സിന് ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ ഒരു റെക്കോഡും ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരം വിജയിച്ചതിന്റെ റെക്കോഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 260 പന്തുകളാണ് മത്സരത്തില്‍ ആകെ എറിഞ്ഞത്.
സ്‌കോര്‍
ഇന്ത്യ – 212/4
അഫ്ഗാനിസ്ഥാന്‍ – 212/6
സൂപ്പര്‍ ഓവര്‍
അഫ്ഗാനിസ്ഥാന്‍ – 16/1
ഇന്ത്യ – 16/1
രണ്ടാം സൂപ്പര്‍ ഓവര്‍
ഇന്ത്യ – 11/2 (0.5)
അഫ്ഗാനിസ്ഥാന്‍ – 1/2 (0.3)
നേരത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരത്തില്‍ വിജയിച്ചതിന്റെ റെക്കോഡ് നേട്ടം തങ്ങളുടെ പേരിലാക്കിയ ഇന്ത്യ ടി-20യിലെ ദൈര്‍ഘ്യമറിയ മത്സരത്തില്‍ വിജയിച്ചതിന്റെ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റാണ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരമായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്. ഒന്നര ദിവസത്തിനുള്ളില്‍ തന്നെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചിരുന്നു.
സ്‌കോര്‍ ബോര്‍ഡ്
സൗത്ത് ആഫ്രിക്ക – 55 & 176
ഇന്ത്യ – (T20 – 79) – 153 & 80/3
ഇന്ത്യന്‍ പേസര്‍മാരുടെ കരുത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റ് വിജയിച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ മുഹമ്മദ് സിറാജ് ഫൈഫര്‍ നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയും അഞ്ച് വിക്കറ്റ് നേട്ടം തങ്ങളുടെ പേരില്‍ കുറിച്ചു.
അതേസമയം, അഫ്ഗാനെതിരായ പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് വിജയിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ജനുവരി 25നാണ് പരമ്പരയിലെ ആദ്യ മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
Content Highlight: India wins the longest T20 match in the history